
തിരുവനന്തപുരം: എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താനുമാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്നും അതിനവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ കാലഘട്ടത്തില്‍ ഒട്ടേറെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ആരോഗ്യ മേഖലയ്ക്കായി. കേരളത്തിലെ ശിശു മരണനിരക്ക് അമേരിക്കന്‍ ഐക്യനാടുകളിലെ ശിശു മരണ നിരക്കിനെക്കാളും കുറഞ്ഞതായി. ഈ നേട്ടത്തിനായി പ്രയത്‌നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു. ആരോഗ്യ മേഖലയില്‍ കൈവരിക്കുന്ന ഓരോ റെക്കോര്‍ഡും അടുത്ത വര്‍ഷം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.
അമീബിക് മസ്തിഷ്‌ക ജ്വരം കേരളം നേരത്തെ തന്നെ കണ്ടുപിടിക്കുന്നുണ്ട്. വളരെ ഉയര്‍ന്ന മരണനിരക്കുള്ള രോഗത്തില്‍ നിന്നും അനേകം പേരെ രക്ഷിക്കാനും മരണ നിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിച്ചു. പ്രോട്ടോകോള്‍ തയാറാക്കുകയും മസ്തിഷ്‌ക ജ്വരം ബാധിച്ചവര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പരിശോധനകള്‍ കൂടി നടത്തുകയും ചെയ്യുന്നു. ഇതിലൂടെ പലരേയും രക്ഷിക്കാനായി.
ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ മേഖലയിലുള്ളത്. ഈ സര്‍ക്കാരിന്റെ കാലത്ത് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 885 കുടുംബാരോഗ്യ കേന്ദ്രങ്ങളുണ്ട്. താലൂക്ക് തലംമുതല്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി. സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നല്‍കി. കാന്‍സര്‍ സ്‌ക്രീനിങ്ങിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. 18 ലക്ഷത്തിലധികം പേരെ സ്‌ക്രീന്‍ ചെയ്തു. വിളര്‍ച്ച പരിഹരിക്കുന്നത് വിവ കേരളം ക്യാമ്പയിന്‍ ആരംഭിച്ചു. ഇതിന് പിന്നാലെയാണ് പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Be the first to comment