കൊച്ചി: പ്രസവാവധിയെ മറ്റ് അവധികള്‍പോലെ കണക്കിലെടുക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രസവാവധി അവകാശമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടപെടല്‍. പ്രസവാവധിയടക്കം ഒരു വര്‍ഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരില്‍ മെഡിക്കല്‍ സയന്‍സില്‍ ഉന്നതപഠനം തുടരാന്‍ അനുവദിക്കാത്തതിനെതിരായ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി.
നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) നടത്തുന്ന കോഴ്‌സിലെ പഠനകാലയളവിലെ അവധി സംബന്ധിച്ച വിഷയത്തിലാണ് കോടതി ഇടപെടല്‍.
എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറായിരുന്നു ഹര്‍ജിക്കാരി. ഒരു വര്‍ഷത്തിലധികം തുടര്‍ച്ചയായി അവധിയെടുത്താല്‍ പഠനം തുടരാനാകില്ലെന്നാണ് ചട്ടം. ഹര്‍ജിക്കാരി പഠനകാലയളവില്‍ പ്രസവാവധി എടുത്തിരുന്നു. ഇതിനുപിന്നാലെ അര്‍ബുദത്തിന് ചികിത്സതേടേണ്ടിയും വന്നു. ഇതോടെ അവധി ഒരു വര്‍ഷത്തിലധികം നീണ്ടു. കോഴ്സ് തുടരാനാകില്ല എന്ന കാരണം ചൂണ്ടിക്കാട്ടി എന്‍ബിഇഎംഎസ് അവധി അപേക്ഷ നിഷേധിച്ച സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്.
‘ഒരു സ്ത്രീയ്ക്ക് പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ല. പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന് അവകാശമുണ്ട്. 1961 ലെ പ്രസവാനുകൂല്യ നിയമം അനുസരിച്ച്, ഒരു സ്ത്രീക്ക് ഗര്‍ഭകാലത്ത് ന്യായമായ അവധി ലഭിക്കാനുള്ള അവകാശം ഉണ്ട്. സുഖം പ്രാപിക്കാനുള്ള സമയവും ഈ കാലയളവില്‍ പരിഗണിക്കണം. പ്രസവാവധി ഒരു അവകാശവും മറ്റ് അവധികള്‍ വിവേചനാധികാരവുമാണ്. ട്രെയിനിക്ക് ലഭിക്കുന്ന മറ്റ് പതിവ് അവധികളുമായി പ്രസവാവധിയെ കൂട്ടി ചേര്‍ക്കാന്‍ കഴിയില്ല. ഹര്‍ജിക്കാരിക്ക് പ്രസവാവധിയും അവരുടെ മെഡിക്കല്‍ അവധിയും ഒരേ വര്‍ഷം തന്നെ ലഭിക്കണം. ഒരു വ്യക്തി ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവധി സ്വീകരിക്കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ അവസരങ്ങള്‍ നഷ്ടമാകുമെന്നുമുള്ള പൊതു നിബന്ധനകള്‍ ഇത്തരം അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാന്‍ കഴിയില്ല. അതിനാല്‍, എന്‍ബിഇഎംഎസ് ട്രെയിനികള്‍ക്കുള്ള 2024 ലെ സമഗ്ര അവധി നിയമങ്ങളിലെ നിയന്ത്രണം അപേക്ഷകന് ബാധകമാക്കരുതെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാരിക്ക് ഒരു വര്‍ഷത്തിലധികം അവധി വേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണെന്നാണ് കോടതി വിലയിരുത്തല്‍. പരാതിക്കാരിയുടെ അവധി ദിവസങ്ങളില്‍ 184 ദിവസം പ്രസവാവധിയായിരുന്നു. പ്രസവാവധി അവകാശമായതിനാല്‍ സാധാരണ അവധിയായി കണക്കാക്കാനാകില്ല. അതിനാല്‍ ഹര്‍ജിക്കാരിയെ കോഴ്സില്‍നിന്ന് പുറത്താക്കരുതെന്നും, യുവതിക്ക് വീണ്ടും അവധിക്കായി അപേക്ഷനല്‍കാന്‍ അവസരം നല്‍കാനും അത് പരിഗണിച്ച് അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കാനും എന്‍.ബി.ഇ.എം.എസിന് കോടതി നിര്‍ദേശം നല്‍കി.



Be the first to comment