ഹൈദരാബാദില്‍ നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; കോട്ടയം വഴി സർവീസ്

കൊല്ലം: അവധിക്കാലത്തെ തിരക്കും ദീർഘദൂര യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് ഹൈദരാബാദിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്നും രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7.10ന് കൊല്ലത്ത് എത്തിച്ചേരും.

തിങ്കളാഴ്ച രാവിലെ 10.45 ന് കൊല്ലത്തുനിന്നും ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകുന്നേരം 5:30ന് ഹൈദരാബാദിൽ തിരികെയെത്തും. ഇരുവശത്തോട്ടുമായി ആറു വീതം സർവീസുകൾ ആയിരിക്കും ഉണ്ടാവുക. 24 കോച്ചുകൾ ഉള്ള ട്രെയിനിൽ രണ്ടു വീതം എസി 2 ടയർ 3 ടയർ കോച്ചുകളും 18 സ്ലീപ്പർ കോച്ചുകളും ലഭ്യമാണ്.

മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. കൊല്ലത്തിനും ഹൈദരാബാദിനും ഇടയിൽ നിലവിലുള്ള ഏക ട്രെയിൻ ആയ ശബരി എക്സ്പ്രസിൽ അനിയന്ത്രിതമായ തിരക്കായതിനാലും ടിക്കറ്റ് ലഭ്യമാകാത്ത സാഹചര്യം ഉള്ളതിനാലും ഈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.

കൂടാതെ കഴിഞ്ഞയാഴ്ച തിരുവനന്തപുരം നടന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായുള്ള യോഗത്തിൽ ഈ വിഷയത്തിൽ അടിയന്തിരമായ തീരുമാനം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. നിരവധി യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും ഈ വിഷയത്തിൽ ഇടപെടൽ തേടി സമീപിച്ചിരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*