
അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസ്സിയും കേരളത്തില്‍ വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ലെന്നും സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡിയാണ് മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞതെന്നും വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.
ഇത്രയും തുക മുടക്കി അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ സര്‍ക്കാരിനാകില്ലെന്നും കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ് അവരുടെ അഭ്യര്‍ത്ഥനപ്രകാരം അവര്‍ കൊടുത്തതാണ്. അവരാണ് തീരുമാനിക്കേണ്ടത്. കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ സ്‌പോണ്‍സര്‍ തന്നോട് ഔദ്യോഗികമായി ഒന്നും വിശദീകരിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റീനിയന്‍ ടീം പിന്മാറിയതില്‍ സ്പോണ്‍സര്‍മാരോട് കായിക വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മെസ്സിയുടേയും സംഘത്തിന്റേയും വരവ് അനിശ്ചിതത്തില്‍ ആക്കിയത് സ്പോണ്‍സര്‍മാര്‍ ആണെന്നാണ് കായിക വകുപ്പിന്റെ കണ്ടെത്തല്‍. ജനുവരിയില്‍ പണം നല്‍കാം എന്നായിരുന്നു സ്പോണ്‍സര്‍മാരുടെ വാഗ്ദാനം. നിശ്ചിത സമയത്തും സ്പോണ്‍സര്‍മാര്‍ തുക നല്‍കിയില്ലെന്ന് കായിക വകുപ്പ് പറയുന്നു. വിശദീകരണം തേടി കായിക വകുപ്പ് സ്പോണ്‍സര്‍മാര്‍ക്ക് കത്തയക്കും.
Be the first to comment