ശ്രീനിവാസന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടം; മണിരത്നം

ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച് സംവിധായകൻ മണിരത്നം. ശ്രീനിവാസന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹം അസാമാന്യനായ എഴുത്തുകാരനും നടനാണ് ശ്രീനിവാസന്റെ സൃഷ്ടികൾക്ക് മരണമില്ലെന്നും മണിരത്‌നം പറഞ്ഞു. സത്യൻ അന്തിക്കാടുമായി ചേർന്ന് മികച്ച ചിത്രങ്ങളാണ് ശ്രീനിവാസൻ ഒരുക്കിയിട്ടുള്ളത് അടയാളപ്പെടുത്തിയ സൃഷ്ടികളാണ് എല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൻ്റെ ഞെട്ടലിലാണ് സിനിമാലോകം. ശ്രീനിവാസൻ്റെ അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി. സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും താരത്തെ അവസാന നോക്കുകാണാനെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. പിന്നീട് മൃതദേഹം തിരികെ വീട്ടിലെത്തിച്ചു.

ഇന്ന് രാവിലെ ഡയാലിസിസിന് പോവുമ്പോഴായിരുന്നു ശ്രീനിവാസന് ശാരീരിക അസ്വസ്ഥതയുണ്ടായത്. ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*