ഒന്നാം ക്ലാസിൽ ചേർക്കാൻ 6 വയസാകണം; എൻഇപിയിലെ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാൻ ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡൽഹി: ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കുറഞ്ഞത് 6 വയസാക്കി മാറ്റുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. 2026-27 അക്കാദമിക് വര്‍ഷം മുതൽ സർക്കാർ ഏകീകൃത പ്രായം നടപ്പിലാക്കും. സർക്കാർ, സർക്കാർ-എയ്‌ഡഡ്, അംഗീകൃത അൺഎയ്‌ഡഡ് സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം പരിഷ്‌കരണം ബാധകമാകും.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ചാണ് ഡല്‍ഹി സര്‍ക്കാര്‍ പരിഷ്‌കരണം നടപ്പിലാക്കുന്നത്. അടുത്ത വർഷം മുതൽ മറ്റു മാനദണ്ഡങ്ങള്‍ ഘട്ടം ഘട്ടമായി പരിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് (DoE) പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ചായിരിക്കും പരിഷ്‌കരണം നടക്കുക.

സര്‍ക്കുലര്‍ പ്രകാരം അടിസ്ഥാന ഘട്ടത്തിൽ നിലവിൽ രണ്ട് ക്ലാസുകൾ ഉൾപ്പെടുന്നു. നിലവില്‍ നഴ്‌സറി , കെജി – തുടർന്ന് ക്ലാസ് 1 പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം യഥാക്രമം 3, 4, 5 വയസാണ്. പുതുക്കിയ ഘടനയിൽ, നഴ്‌സറി (1/പ്രീ-സ്‌കൂൾ 1) പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞതും കൂടിയതുമായ പ്രായം (മാർച്ച് 31 ലെ കണക്കനുസരിച്ച്) യഥാക്രമം 3, 4 വയസാണ്. എല്‍.കെ.ജിയ്‌ക്ക് ഇത് 4, 5 വയസാണ്. യു. കെ.ജി 5, 6 ക്ലാസ് ഒന്നിലേക്ക് 6 , 7 എന്നിങ്ങനെയാണ് കണക്കുകൾ.

എന്നിരുന്നാലും നഴ്‌സറി മുതൽ ക്ലാസ് 1 വരെയുള്ള പ്രവേശനത്തിന്കുറഞ്ഞതും കൂടിയതുമായ പ്രായപരിധിയിൽ, സ്‌കൂൾ മേധാവിക്ക് ഒരു മാസം വരെ ഇളവ് അനുവദിക്കാവുന്നതാണ്. 2025-26 ലെ നിലവിലെ അക്കാദമിക് സെഷനിലെ വിദ്യാർഥികൾക്ക് പുതിയ പ്രായ മാനദണ്ഡങ്ങൾ ബാധകമല്ലെന്നും സർക്കുലറിൽ പറയുന്നു.

കൂടാതെ എല്‍.കെ.ജി, യു.കെ.ജി ക്ലാസുകൾക്കുള്ള പരിഷ്‌കരണം 2027-28 മുതൽ മാത്രമേ നിലവിൽ വരൂ. അതായത് 2025-26 ലെ നഴ്‌സറി, കെജി, ക്ലാസ് 1 എന്നിവയിലെ വിദ്യാർഥികളെ നിലവിലെ ഘടന അനുസരിച്ച് 2026-27 ൽ അടുത്ത ഉയർന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകും.

കെ.ജിയിലേക്കുള്ള പുതിയ പ്രവേശനം (2026-27 ലെ അക്കാദമിക് സെഷനിൽ) 4 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് (2026 മാർച്ച് 31 വരെ) അർഹതയുണ്ട്. കൂടാതെ, ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്ന് മുൻ ക്ലാസ് പാസായ വിദ്യാർഥികള്‍ക്ക് അടുത്ത ഉയർന്ന ക്ലാസിലേക്ക് പ്രവേശനം തേടുമ്പോൾ പ്രായത്തിൻ്റെ മാനദണ്ഡങ്ങളിൽ നിന്ന് ഇളവ് ലഭിക്കും.

സർക്കുലർ പ്രകാരം, 2027-28 അക്കാദമിക് സെഷൻ മുതൽ മാത്രമേ ലോവർ കെ.ജി അപ്പർ കെ.ജി എന്നിവ ആരംഭിക്കുകയുള്ളൂ. ഈ ക്ലാസുകളിലേക്കുള്ള പ്രവേശനം മുകളിൽ സൂചിപ്പിച്ച പ്രായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നടക്കും. അടിസ്ഥാന ഘട്ടത്തിൻ്റെ പുനഃസംഘടനയെക്കുറിച്ചും ഏകീകൃത പ്രവേശന പ്രായം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും എല്ലാ സ്‌കൂൾ മേധാവികളെയും നേരത്തെ അറിയിച്ചിരുന്നു.

ഈ മാറ്റങ്ങളെക്കുറിച്ച് രക്ഷിതാക്കളെ വ്യക്തമായി അറിയിക്കാനും സര്‍ക്കുലറില്‍ നിർദേശമുണ്ട്. പ്രവേശന മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഡയറക്‌ടറേറ്റ് സർക്കുലറിലൂടെ എല്ലാ സ്‌കൂൾ മേധാവികളോടും ആവശ്യപ്പെടുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*