ഇന്‍റർനെറ്റ് വിപ്ലവത്തിനൊരുങ്ങി ഇലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക്: ഇന്ത്യയിൽ അനുമതി

ഹൈദരാബാദ്: ഇന്‍റർനെറ്റ് മേഖലയിൽ ഇന്ത്യയിൽ വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങി സ്റ്റാർലിങ്ക്. ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ അധിഷ്‌ഠിത അതിവേഗ ഇന്‍റർനെറ്റ് സേവന സംവിധാനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചു. ടെലികോം മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെ സ്റ്റാർലിങ്ക് ഇന്ത്യയിൽ തങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒരു ചുവടുകൂടെ മുന്നോട്ട് വച്ചുവെന്ന് വേണം പറയാൻ.

സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി ലഭിച്ചതായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രയൽ സ്പെക്ട്രത്തിനായി അപേക്ഷിച്ചാൽ 15 മുതൽ 20 ദിവസത്തിനുള്ളിൽ അനുവദിക്കുമെന്നും വിവരങ്ങളുണ്ട്. ഇതോടെ ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയായിരിക്കും സ്റ്റാർലിങ്ക്. ഭാരതി എയർടെൽ- യൂട്ടെൽസാറ്റിന്‍റെ വൺവെബ്, റിലയൻസ് ജിയോ എന്നിവയുടെ അപേക്ഷകളും മുൻപ് അംഗീകരിച്ചിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു:
2022 മുതൽ ഇന്ത്യയിൽ വാണിജ്യപരമായി പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിക്കാനായി സ്റ്റാർലിങ്ക് കാത്തിരിക്കുകയായിരുന്നു. എന്നാൽ ദേശീയ സുരക്ഷാ ആശങ്കകളും മറ്റ് കാരണങ്ങളും കൊണ്ട് ഇത് വൈകുകയായിരുന്നു. ആമസോണിന്‍റെ ഇന്‍റർനെറ്റ് സാറ്റലൈറ്റ് പ്രൊജക്‌റ്റായ കൈപ്പർ ഇപ്പോഴും ഇന്ത്യയിൽ ലൈസൻസിനായുള്ള കാത്തിരിപ്പിലാണ്.

സ്റ്റാർലിങ്ക് എന്താണ്?
ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹ അധിഷ്‌ഠിത അതിവേഗ ഇന്‍റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. മൊബൈൽ ടവറുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. അതിനാൽ തന്നെ വയേർഡ് ബ്രോഡ്‌ബാൻഡ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പോലും ഇന്‍റർനെറ്റ് സേവനം വേഗത്തിൽ ലഭ്യമാക്കാൻ സ്റ്റാർലിങ്കിന് കഴിയും. ലോകമെമ്പാടും അതിവേഗ ഇന്‍റർനെറ്റ് നൽകുക എന്നതാണ് സ്റ്റാർലിങ്കിന്‍റെ ലക്ഷ്യം.

സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നതെങ്ങനെ?
ഭൂമിയിൽ നിന്ന് ഏകദേശം 550 കിലോമീറ്റർ ഉയരത്തിൽ ലോവർ എർത്ത് ഓർബിറ്റിൽ ആയിരക്കണക്കിന് ഉപഗ്രഹങ്ങളുണ്ട്. സ്റ്റാർലിങ്ക് ലേസർ ലിങ്കുകളുടെ സഹായത്തോടെ ഈ ഉപഗ്രഹങ്ങളെ പരസ്‌പരം ബന്ധിപ്പിച്ച് ഉയർന്ന വേഗതയിൽ ഡാറ്റ കൈമാറും. സ്റ്റാർലിങ്കിന്‍റെ ഇന്‍റർനെറ്റ് സേവനം ലഭ്യമാകുന്നതിന് ഉപഭോക്താവ് വീട്ടിൽ ചെറിയ ഡിഷ്(സ്റ്റാർലിങ്ക് ടെർമിനൽ) സ്ഥാപിക്കേണ്ടതുണ്ട്. ഈ ഡിഷ് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നലുകൾ അയക്കും. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഡിഷ് പിന്നീട് ഒരു വൈഫൈ റൂട്ടറുമായി ബന്ധിപ്പിക്കും. ഇതുവഴി ടവർ ഇല്ലാതെ തന്നെ ഇന്‍റർനെറ്റ് സേവനം ലഭ്യമാവും.

സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ എങ്ങനെ ഗുണം ചെയ്യും?
ഇന്‍റർനെറ്റ് ലഭ്യമല്ലാത്ത നിരവധി മേഖലകൾ ഇന്നും ഇന്ത്യയിലുണ്ട്. ഇത്തരം പ്രദേശങ്ങളിലുള്ളവർക്ക് സ്റ്റാർലിങ്കിന്‍റെ സേവനം ഗുണം ചെയ്യും. ഇത് ആരോഗ്യമേഖല മുതൽ വിദ്യാഭ്യാസ മേഖലയിൽ വരെ വലിയ മാറ്റം കൊണ്ടുവരും.

Be the first to comment

Leave a Reply

Your email address will not be published.


*