വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് അഭികാമ്യമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് അഭികാമ്യമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. മറ്റ് സംസ്ഥാനങ്ങളുടെ കേസുകളെല്ലാം സുപ്രീം കോടതിയാണ് പരിഗണിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയത്താണ് നടക്കുന്നതെന്നും അത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എസ് ഐആര്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എസ്ഐആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞടുപ്പും എസ്‌ഐആറും ഒരേസമയത്താണ് നടക്കുന്നത്. ഇത് ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കും. നിലവിലെ തദ്ദേശസ്ഥാപനങ്ങളുടെ കാലാവധി ഡിസംബര്‍ 20നാണ് അവസാനിക്കുക. 21നകം പുതിയ ഭരണസമിതി അധികാരമേല്‍ക്കേണ്ടതുണ്ട്. ഇതിനായി ഡിസംബര്‍ ഒന്‍പതിനും പതിനൊന്നിനും തെരഞ്ഞെടുപ്പും പതിമൂന്നാം തീയതി വോട്ടെണ്ണലും നിശ്ചയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം ഡിസംബര്‍ പതിനെട്ടിനകം പൂര്‍ത്തിയാക്കണം. എന്നാല്‍ നവംബര്‍ നാലിനും ഡിസംബര്‍ നാലിനും ഇടയില്‍ എസ്‌ഐആര്‍ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇത് പ്രായോഗികമായി ബുദ്ധിമുട്ടാണ്. ഇത് രണ്ടും ഒന്നിച്ച് നടത്തേണ്ട ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് ഇല്ല. അതുകൊണ്ടുതന്നെ എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മാത്രമായി 1,76,000 ഉദ്യോഗസ്ഥരുടെയും 68,000 സുരക്ഷാ ഉദ്യോഗസ്ഥരുടെയും ആവശ്യമുണ്ട്, എസ്‌ഐആറിന് മാത്രം 25668 ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടതുണ്ട്. ഇത് ഗുരുതരമായ ഉദ്യോഗസ്ഥ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എസ്‌ഐആര്‍ നടപ്പിലാക്കാന്‍ ഇനിയും സമയം ഏറെയുണ്ട്. അത് മാറ്റിവച്ചാല്‍ അത് ആരെയും ദോഷകരമായി ബാധിക്കില്ലെന്നും മാറ്റിവച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി നടക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*