
ട്വന്റി 20 സമ്മാനഘടനയുള്ള 2023-24-ലെ ക്രിസ്തുമസ് -ന്യൂ ഇയർ ബമ്പറുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. മുൻ വർഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി ഒന്നാം സമ്മാനമായി നൽകുന്നത് 20 കോടി രൂപയാണ്. ഭാഗ്യാന്വേഷികളിലെ 20 പേർക്ക് ഒരു കോടി വീതം 20 കോടി രൂപ രണ്ടാം സമ്മാനമാണ് നൽകും. ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റുമാർക്ക് രണ്ടു കോടി വീതം കമ്മീഷനും ലഭിക്കും. ഇതോടെ ഒറ്റ ബമ്പർ വഴി സൃഷ്ടിക്കപ്പെടുന്നത് 23 കോടിപതികൾ.
30 പേർക്ക് 10 ലക്ഷം രൂപ വീതം നൽകുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേർക്ക് 3 ലക്ഷം രൂപ വീതം നൽകുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേർക്ക് 2 ലക്ഷം രൂപ വീതം നൽകുന്ന അഞ്ചാം സമ്മാനവും (ആകെ നാൽപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതൽ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
38,8840 സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിന് ഉണ്ടായിരുന്നത്. മുൻ വർഷത്തെക്കാൾ 30,2460 സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതോടെ ഇക്കുറിയുള്ളത് ആകെ 69,1300 സമ്മാനങ്ങൾ.
312.50 രൂപ ടിക്കറ്റ് വിലയും 28 ശതമാനം ജിഎസ്ടിയും ചേർത്ത് 400 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഏജന്റുമാർക്ക് ടിക്കറ്റ് വിൽപ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇൻസന്റീവ് നൽകും. ഏറ്റവുമധികം ടിക്കറ്റ് വിൽപ്പനയ്ക്കായി ഏടുക്കുന്ന ഏജന്റുമാർക്ക് സ്‌പെഷ്യൽ ഇൻസെന്റീവായി 35000 രൂപയും സെക്കൻഡ്, തേർഡ് ഹൈയസ്റ്റ് പർച്ചേസർമാർക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നൽകും.
Be the first to comment