പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. പൊതുജനങ്ങളോട് പോലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് ഡിജിപി നിര്‍ദേശിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിന് പ്രാധാന്യം നല്‍കുമെന്നും ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ റവാഡ എ ചന്ദ്രശേഖര്‍ പറഞ്ഞു.

നമ്മുടെ നാട് നേരിടുന്ന പ്രധാന പ്രശ്‌നമാണ് ലഹരി ഉപഭോഗം. ലഹരിയെ നേരിടാനുള്ള നയം കൊണ്ടുവരും. ലഹരിക്കെതിരായ പോരാട്ടം പോലീസ് ഇപ്പോള്‍ നടത്തിവരുന്നുണ്ട്. ആ നടപടികളെ കൂടുതല്‍ ശക്തിപ്പെടുത്തും. മയക്കുമരുന്നിനെതിരെ ബോധവത്കരണവും പ്രധാനമാണ്. ക്രമസമാധാനപരിപാലനം ശക്തിപ്പെടുത്തും. ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം മെച്ചമാക്കി ക്രമസമാധാന പാലനം ചിട്ടയായി കൊണ്ടുപോകുമെന്നും ഡിജിപി പറഞ്ഞു.

സൈബര്‍ ക്രൈം മേഖലയില്‍ വിവിധ ഏജന്‍സികളെ കൂട്ടിയിണക്കി മുന്നോട്ടുപോകും. ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. താഴേത്തട്ടിലുള്ള ആളുകള്‍ക്കും ഭീതി കൂടാതെ പോലീസ് സ്റ്റേഷനുകളില്‍ ചെല്ലാനും, അവര്‍ക്ക് നീതി കിട്ടാനുമുള്ള ശ്രമം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളം മതസൗഹാര്‍ദ്ദത്തിന്റെ നാടാണ്. തീവ്രവാദത്തിന്റെ വളര്‍ച്ചയുള്ളതായി തോന്നിയിട്ടില്ല. പൊലീസ് സേനാംഗങ്ങള്‍ക്കിടയിലെ സ്‌ട്രെസ്സ് കുറയ്ക്കാനുള്ള നടപടികള്‍ പരിശോധിക്കും. നിലവില്‍ കൗണ്‍സിലിങ് നല്‍കുന്നുണ്ട്. കൂത്തുപറമ്പ് വെടിവെയ്പുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അക്കാര്യത്തില്‍ ഐ ഹാവ് നോ കമന്റ്‌സ് ടു ഓഫര്‍ ദാറ്റ് വണ്‍, നോ കമന്റ്‌സ് എന്നായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ പ്രതികരണം.

കേരളത്തിലെ പോലീസ് മേധാവിയായി ചുമതലയേറ്റതില്‍ വളരെ സന്തോഷമുണ്ട്. വെല്ലുവിളി നിറഞ്ഞ ജോലിയാണ്. സഹപ്രവര്‍ത്തകരുടെ പിന്തുണയോടെയും ജനങ്ങളുടെ സഹായത്തോടെയും നല്ല നീതിയില്‍ മുന്നോട്ടുപോകാനാകുമെന്ന് ഉറപ്പുണ്ട്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വളരെ ഗൗരവമേറിയതാണ്. അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*