സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തി ദിനം അഞ്ചാക്കണോ? സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവൃത്തി ദിനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ 5 ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് മീറ്റിങ്. അവധി ഉള്‍പ്പെടെ ജീവനക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ എന്തെങ്കിലും ശ്രമങ്ങളുണ്ടായാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് സര്‍വീസ് സംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പും ഇതേ നിര്‍ദേശം പരിഗണിച്ചിരുന്നു. എന്നാല്‍ ക്യാഷ്വല്‍ ലീവിന്റെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ഇടത് സര്‍വീസ് സംഘടനകളുള്‍പ്പെടെ ശക്തമായി എതിര്‍ത്തു. ഇതേത്തുടര്‍ന്ന് നിര്‍ദേശം തന്നെ പിന്‍വലിക്കുകയായിരുന്നു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള ഒരു യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധ തന്ത്രങ്ങളുടെ ഭാഗമായി മാതാപിതാക്കള്‍ കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പൊതുഭരണ വകുപ്പ് ചര്‍ച്ച പുനരാരംഭിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പ്രവൃത്തി ദിനങ്ങള്‍ വെട്ടിക്കുറക്കുന്നതിന്റെ കാര്യത്തില്‍ ഇത്തവണ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്. സര്‍വീസ് സംഘടനകളുടെ ഭാരവാഹികള്‍ക്ക് അയച്ച കത്തുകളിലൊന്നും കരട് നിര്‍ദേശം ഉള്‍പ്പെടുത്തിയിട്ടില്ല. ഡിസംബര്‍ 5 നോ അതിനുമുമ്പോ ഇ-മെയില്‍ വഴി തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ യൂണിയനുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ കരട് നിര്‍ദ്ദേശത്തിന്റെ അഭാവം സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ തന്നെ ചോദ്യം ചെയ്യുന്നുവെന്നാണ്് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ വാദം. കോണ്‍ഗ്രസ് അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും (കെഎസ്എ) എന്‍ജിഒ അസോസിയേഷനും സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എങ്കിലും കാഷ്വല്‍ ലീവ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അവകാശങ്ങളില്‍ തങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് കെഎസ്എ പ്രസിഡന്റ് ഇര്‍ഷാദ് എംഎസ് പറയുന്നത്. കാഷ്വല്‍ ലീവുകളുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിച്ചതിനാല്‍ ജീവനക്കാര്‍ മുമ്പ് ഈ നിര്‍ദ്ദേശം നിരസിച്ചിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അഞ്ച് ദിവസത്തെ ജോലി ഒരു നല്ല ആശയമാണ്. ഓഫീസ് സമയം ക്രമീകരിക്കുന്നതിനെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം. നഗരങ്ങളില്‍ നിലവില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയും ഗ്രാമപ്രദേശങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 20 കാഷ്വല്‍ ലീവുകള്‍ക്ക് അര്‍ഹതയുണ്ട്. നാലാമത്തെ ശനിയാഴ്ചയും അവധി ദിനമാക്കാനുള്ള നിര്‍ദ്ദേശവും നേരത്തെ ഉണ്ടായിരുന്നു, ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

പ്രൊപ്പോസല്‍ ലഭിക്കാതെയും അത് പഠിക്കാന്‍ മതിയായ സമയമില്ലാതെയും സര്‍വീസ് ഓര്‍ഗനൈസേഷനുകള്‍ക്ക് ശരിയായ ഫീഡ്ബാക്ക് നല്‍കാന്‍ കഴിയില്ലെന്ന് എന്‍ജിഒ അസോസിയേഷന്‍ പ്രസിഡന്റ് എ എം ജാഫര്‍ ഖാന്‍ പറഞ്ഞു. ‘ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയം ഓണ്‍ലൈനായി ചര്‍ച്ച ചെയ്യരുത്. ജീവനക്കാര്‍ നിലവില്‍ എസ്ഐആറിനുള്ള ഇലക്ഷന്‍ കമ്മീഷന്‍ ഡ്യൂട്ടികളിലാണ്. വൈകുന്നേരം വരെയാണ് ജോലി. വൈകുന്നേരം 5 മണിക്ക് ഒരു ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഇതുവരെ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍(കെഎസ്ഇഎ)ജനറല്‍ സെക്രട്ടറി എസ്എസ് ദീപു പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിനുശേഷം അഭിപ്രായം അറിയിക്കുമെന്ന് എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ എംഎ പറഞ്ഞു. നേരത്തെ ഈ നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഗവേണന്‍സ് വളരെ പ്രചാരത്തിലായിരുന്നില്ല. ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ വകുപ്പും ഇതിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു. ഇത് ജീവനക്കാര്‍ക്ക് ഗുണകരമാണെന്നും എന്‍ജിഒ യൂണിയന്‍ നേതാവ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*