
മുംബൈ: തണുപ്പന്‍ തുടക്കത്തില്‍ നിന്ന് ശക്തമായി തിരിച്ചുവന്ന് ഓഹരി വിപണി. ഉച്ചയോടെ ബിഎസ്ഇ സെന്‍സെക്‌സ് ആയിരം പോയിന്റ് ആണ് മുന്നേറിയത്. 77000 കടന്നാണ് സെന്‍സെക്‌സ് കുതിച്ചത്. നിഫ്റ്റി 23,650 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവല്‍ തിരിച്ചുപിടിച്ചു. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂലമായ സൂചനകളും ആഭ്യന്തര വിപണിയിലെ വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് ഓഹരി വിപണിയെ തുണച്ചത്.
രൂപ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും വിപണിക്ക് ഗുണം ചെയ്തു. ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് നേട്ടത്തിലാണ്. ഇതാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ച വിദേശ നിക്ഷേപകര്‍ 3936 കോടിയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്. ഇതിനെല്ലാം പുറമേ വരുംമാസങ്ങളില്‍ തന്നെ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറില്‍ ഒപ്പിടുമെന്ന പ്രതീക്ഷകളും ഓഹരി വിപണിയില്‍ പ്രതിഫലിച്ചതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പ്രധാനമായി ഫിനാന്‍ഷ്യല്‍സ്, ഓട്ടോ, എണ്ണ, പ്രകൃതി വാതക സെക്ടറുകളിലെ മുന്നേറ്റമാണ് വിപണിയെ മൊത്തത്തില്‍ മുന്നോട്ട് നയിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയ ഓഹരികള്‍.
Be the first to comment