മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടം നേരിട്ട ഓഹരി വിപണി ശക്തമായി തിരിച്ചുവന്നു. ബിഎസ്ഇ സെന്‍സെക്‌സ് 550 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 25,950ന് മുകളിലാണ് വ്യാപാരം തുടരുന്നത്.
ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചകളും പണപ്പെരുപ്പനിരക്ക് കുറഞ്ഞതുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് നിലയിലേക്ക് താഴ്ന്നത് വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിക്ക് അനുകൂലമായത്. ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിച്ചതാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ പ്രധാന കാരണം. ഇതിന് പുറമേ എണ്ണവില കുത്തനെ ഇടിഞ്ഞതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവന്നതും വിപണിയില്‍ പ്രതിഫലിച്ചു. ബിഹാറില്‍ എന്‍ഡിഎ മുന്നണി തന്നെ ഭരണത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും വിപണിയെ സ്വാധീനിച്ച ഘടകമാണെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഏഷ്യന്‍ പെയിന്റ്‌സ് മാത്രം നാലുശതമാനമാണ് മുന്നേറിയത്. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഫല കണക്കുകള്‍ പുറത്തുവന്നതാണ് ഏഷ്യന്‍ പെയിന്റ്‌സിന്റെ നേട്ടത്തിന് കാരണം. ഒഎന്‍ജിസി, ശ്രീറാം ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, എംആന്റ്എം ഓഹരികള്‍ നഷ്ടം നേരിട്ടു.



Be the first to comment