
മുംബൈ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം 90 ദിവസത്തേയ്ക്ക് നീട്ടിവെയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. ബിഎസ്ഇ സെന്‍സെക്്‌സ് 1400ലധികം പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റി 22,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തി.
പകരച്ചുങ്കം നടപ്പാക്കുന്നത് നീട്ടിവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ആഗോള വിപണി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. കൂടാതെ ഉടന്‍ തന്നെ സാധ്യമാകുമെന്ന് കരുതുന്ന അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷകളും നിക്ഷേപകര്‍ പോസിറ്റീവ് ആയിട്ടാണ് എടുത്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍, സിപ്ല, ജെഎസ് ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
ആഭ്യന്തര വിപണിയിലേക്ക് നിക്ഷേപം എത്തിയതോടെ, രൂപയും വന്‍ കുതിച്ചുചാട്ടം നടത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 51 പൈസയുടെ നേട്ടമാണ് ഉണ്ടായത്. 86.17 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 86.68 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
Be the first to comment