
മുംബൈ: കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 250ലധികം പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 80,600ന് മുകളിലാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
കുറഞ്ഞ വിലയില്‍ ഓഹരി വാങ്ങിക്കൂട്ടാമെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലാണ് ഇന്നത്തെ വിപണിയുടെ മുന്നേറ്റത്തിന് പിന്നിലെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിന് പുറമേ ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തായി. ഭാരതി ഇലക്ട്രോണിക്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ആക്സിസ് ബാങ്ക്, എല്‍ ആന്റ് ടി, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. വെള്ളിയാഴ്ച സെന്‍സെക്സ് 733 പോയിന്റ് ആണ് താഴ്ന്നത്.
ഓഹരി വിപണിയുടെ ചുവടുപിടിച്ച് രൂപയും തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ മൂന്ന് പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 88.69 എന്ന നിലയിലേക്കാണ് രൂപ മുന്നേറിയത്. വ്യാഴാഴ്ച ഡോളറിനെതിരെ 88.76 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. ആര്‍ബിഐയുടെ ഇടപെടലാണ് തുടര്‍ന്നും മൂല്യം ഇടിയാതിരിക്കാന്‍ സഹായകമായത്.
Be the first to comment