ഓഹരി വിപണി കൂപ്പുകുത്തി; കേന്ദ്ര ബജറ്റ് കാത്ത് നിക്ഷേപകർ

മുംബൈ: ഇന്ത്യൻ വിപണിയിൽ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സെൻസെക്‌സും നിഫ്റ്റിയും. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ആശങ്കകളും ആഗോള വിപണിയിലെ തിരിച്ചടികളുമാണ് കാരണം. അതുകൊണ്ട് തന്നെ, അതീവ ജാഗ്രതയിലാണ് നിക്ഷേപകർ.

ഓഹരികളിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ വിപണി കുതിച്ചുയർന്നിരുന്നു. എന്നാൽ ബജറ്റ് പ്രഖ്യാപനം അടുക്കുന്നതിനിടെയാണ് വീണ്ടും ഇടിവുണ്ടായത്. 30 ഓഹരികളുള്ള ബി‌എസ്‌ഇ സെൻ‌സെക്‌സ് 619.06 പോയിൻ്റ് ഇടിഞ്ഞ് 81,947.31 ലെത്തി. 50 ഓഹരികളുള്ള എൻ‌എസ്‌ഇ നിഫ്റ്റി 171.35 പോയിൻ്റ് ഇടിഞ്ഞ് 25,247.55 ലെത്തുകയും ചെയ്‌തു.

30 സെൻസെക്‌സ് കമ്പനികളിൽ ടാറ്റ സ്‌റ്റീൽ, എച്ച്‌സി‌എൽ ടെക്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എൻ‌ടി‌പി‌സി, ടെക് മഹീന്ദ്ര എന്നിവ ഏറ്റവും പിന്നിലാണ്. അതേസമയം മാരുതി, ഐ‌ടി‌സി, ഏഷ്യൻ പെയിൻ്റ്സ്, ഇൻ്റർഗ്ലോബ് ഏവിയേഷൻ എന്നിവയാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്. എന്നിരുന്നാലും, 2027 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 6.8 മുതൽ 7.2 ശതമാനം വരെയാകുമെന്ന് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.

സാമ്പത്തിക സർവേയിലെ പോസിറ്റീവ് സന്ദേശം ഈ തിരിച്ചടികളെ ചെറുക്കാൻ സാധ്യതയുണ്ടെന്ന് ജിയോജിത് ഇൻവെസ്‌റ്റ്‌മെൻ്റ് ലിമിറ്റഡിൻ്റെ മുഖ്യ നിക്ഷേപ തന്ത്രജ്ഞൻ വി കെ വിജയകുമാർ പറഞ്ഞു. ട്രംപിൻ്റെ താരിഫ് ഭീഷണികൾക്കൊപ്പം ഭൂരാഷ്ട്രീയ സംഘർഷങ്ങളിൽ നിന്നും എണ്ണവിലയിലെ വർധനവിൽ നിന്നുമുള്ള വെല്ലുവിളികൾ വിപണിയെ സ്വാധീനിക്കുന്നു. ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ, പ്രത്യേകിച്ച് എണ്ണയെ ആശ്രയിച്ചുള്ള വ്യവസായങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏഷ്യൻ വിപണികളിൽ സമ്മിശ്ര ഫലം

അതേസമയം ഏഷ്യൻ വിപണികളിൽ സമ്മിശ്ര ഫലങ്ങളാണ് കണ്ടത്. ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്‌പി ഉയർന്നപ്പോൾ ജപ്പാൻ, ചൈന, ഹോങ്കോങ് സൂചികകൾ ഇടിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. യുഎസ് വിപണിയും നഷ്‌ടത്തോടെയാണ് വ്യപാരം ആരംഭിച്ചത്. അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് ഓയിൽ 1.39% ഇടിഞ്ഞ് ബാരലിന് 69.73 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 393.97 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഇതിനു വിപരീതമായി, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 2,638.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സെൻസെക്‌സ് 221.69 പോയിൻ്റ് അഥവാ 0.27% ഉയർന്ന് 82,566.37 ലും നിഫ്റ്റി 76.15 പോയിൻ്റ് അഥവാ 0.30% ഉയർന്ന് 25,418.90 ലും അവസാനിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*