തെരുവുനായ വിഷയം: മറുപടി നല്‍കാത്ത സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി; ചീഫ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കണം

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. മറുപടി സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയുടെ നടപടി. ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം ഉണ്ടാകുന്നുവെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. 

തെരുവുനായ ആക്രമണത്തില്‍ സ്വമേധയാ സ്വീകരിച്ച കേസിലാണ് സുപ്രിംകോടതിയുടെ കടുത്ത നടപടി. രണ്ടുമാസത്തെ സമയം നല്‍കിയിട്ടും ബംഗാളും തെലുങ്കാനയും ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയില്ല. സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിനു ശേഷവും രാജ്യത്തിന്റെ പലയിടങ്ങളിലും തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നു എന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സംസ്ഥാനങ്ങള്‍ മറുപടി നല്‍കാത്തതില്‍ ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. എന്തുകൊണ്ട് മറുപടി സമര്‍പ്പിച്ചില്ല എന്നതില്‍ വിശദീകരണം നല്‍കണമെന്നും ഹാജരായില്ലെങ്കില്‍ പിഴ ചുമത്തുന്ന അടക്കം നടപടിയിലേക്ക് കടക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നല്‍കി.

തെരുവുനായ ആക്രമണം വര്‍ധിച്ച സംഭവത്തില്‍ മറ്റു രാജ്യങ്ങള്‍ക്കു മുന്‍പില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. രേഖാമൂലം നോട്ടീസ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മറുപടി ഫയല്‍ ചെയ്യാത്തത് എന്ന് ചില സംസ്ഥാനങ്ങള്‍ കോടതിയെ അറിയിച്ചു. നോട്ടീസ് അയച്ച വിവരം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും, അതൊന്നും ശ്രദ്ധയില്‍ പെട്ടില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.ചീഫ് സെക്രട്ടറിമാരോട് അടുത്തമാസം മൂന്നിന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.

Be the first to comment

Leave a Reply

Your email address will not be published.


*