‘ഇങ്ങനെയെങ്കില്‍ താജ്മഹലും ചെങ്കോട്ടയും നിയമസഭയും വരെ വഖഫ് ആകുമല്ലോ?; മതേതര രാജ്യത്ത് ഇത് അനുവദിക്കാനാവില്ല’

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കടുത്ത നിരീക്ഷണങ്ങള്‍. വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത നല്‍കിയാല്‍, ഏത് ഭൂമിയും കെട്ടിടവും ഭാവിയില്‍ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരുമെന്ന് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി, വി എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

അങ്ങനെയെങ്കില്‍ താജ്മഹല്‍, ചെങ്കോട്ട, നിയമസഭാ മന്ദിരം, എന്തിനേറെ ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും രേഖകള്‍ ചൂണ്ടിക്കാണിച്ച് വഖഫ് ആക്കാം. ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് ഇത്രയും കാലതാമസത്തോടെയുള്ള സാങ്കല്‍പ്പികമായ അധികാരപ്രയോഗം അനുവദിക്കാനാകില്ല. ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

‘അല്ലാഹുവിന് വേണ്ടി സ്ഥിരമായി സമര്‍പ്പിച്ച ഭൂമിയല്ല മുനമ്പത്തേത്. 1950ലെ ഭൂമി കൈമാറ്റ രേഖകള്‍ക്ക് അത്തരം ഒരുദ്ദേശമില്ല. ഫാറൂഖ് കോളജ് മാനേജ്മെന്റിന് നല്‍കിയ ഭൂമി വഖഫ് അല്ല”. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 1950ലെ ആധാരപ്രകാരമാണ് വഖഫ് ഭൂമി എന്ന നിലയില്‍ ഫറൂഖ് കോളജിലേക്ക് ഭൂമി വരുന്നത്. തിരിച്ചെടുക്കാനുള്ള വ്യവസ്ഥ അതില്‍ ഉള്‍പ്പെടുന്നു. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറിയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഈ ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച 2019ലെ നീക്കം ഏകപക്ഷീയമാണെന്നും കോടതി വിലയിരുത്തി.

ഭൂമിയില്‍ താമസിക്കുന്നവര്‍, ഭൂമി വാങ്ങിയവര്‍ തുടങ്ങിയവരുടെ അടിസ്ഥാന അവകാശങ്ങളെ വഖഫ് ബോര്‍ഡ് ധിക്കാരപൂര്‍വം അവഗണിച്ചുവെന്ന് കോടതി വിമര്‍ശിച്ചു. 1950ലെ ആധാരപ്രകാരം മുനമ്പത്തെ ഭൂമി വഖഫിന് വിട്ടുനല്‍കിയിട്ടുള്ളതല്ല. അത് ഫറൂഖ് കോളജിനുള്ള ഇഷ്ടദാനമാണ്. 2019ല്‍ മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് ഉത്തരവ് നിയമപരമായി തെറ്റാണെന്ന് കോടതി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച നടപടി നിലനില്‍ക്കില്ലെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

ഭൂമിയുടെ സര്‍വേ നടത്തുക, അര്‍ധ ജുഡീഷ്യല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറുക, ഗസറ്റില്‍ വിജ്ഞാപനം ചെയ്യുക തുടങ്ങി 1954 ലെ വഖഫ് നിയമ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ മുനമ്പത്തേത് വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കാനായി റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*