
കൊല്ലം തേവലക്കരയിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രതിഷേധം. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സ്കൂളിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കും വീഴ്ച പറ്റി. സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി ലൈനിന് തറയിൽ നിന്നും, ഇരുമ്പ് വീട്ടിൽ നിന്നും ആവശ്യത്തിന് ഉണ്ടായിരുന്നില്ല. ലൈൻ മാറ്റാൻ രണ്ടുദിവസം മുൻപ് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്കൂൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നതായും വൈദ്യുതി മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
നിയമപ്രകാരം വൈദ്യുതി ലൈനിന് തറ നിരപ്പിൽ നിന്ന് 4.6 മീറ്റർ ഉയരം വേണം. എന്നാൽ ഉണ്ടായിരുന്നത് തറനിരപ്പിൽ നിന്ന് 4.28 മീറ്റർ അകലം മാത്രം. ഇരുമ്പ് ഷീറ്റിൽ നിന്ന് വേണ്ടത് 2.5 മീറ്റർ ഉയരം. പക്ഷേ ഉണ്ടായിരുന്നത് 0.88 മീറ്റർ. ലൈൻ കേബിൾ ചെയ്ത് സുരക്ഷിതമാക്കാൻ രണ്ടു ദിവസം മുൻപ് ഷെഡ് പൊളിച്ച് നൽകാൻ കെഎസ്ഇബി സ്കൂൾ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കൊല്ലം ജില്ലയിൽ നാളെ എബിവിപി കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു.
Be the first to comment