മദ്യപിച്ചാല്‍ ഹാങ്ഓവര്‍ മാത്രമല്ല ഉണ്ടാകുന്നത്; തലച്ചോറിലെ മാറ്റങ്ങള്‍ ആശങ്കാജനകമെന്ന് പുതിയ പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. മദ്യപിച്ചാല്‍ തലയ്ക്ക് ‘കിക്ക്’ കിട്ടുക മാത്രമല്ല തലയില്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുമെന്നാണ് ഒരു പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകര്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത് അമിതമായ മദ്യപാനം കൂടുതല്‍ ഗുരുതരമായ തലച്ചോറിലെ രക്തസ്രാവത്തിനും ചെറുപ്രായത്തില്‍ത്തന്നെ തലച്ചോറിന് കേടുപാടുകള്‍ വരുത്തുന്നതിനും കാരണമാകുന്നുവെന്നാണ്. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേണലായ ‘ന്യൂറോളജി’യിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയില്‍ 2003നും 2019നും ഇടയില്‍ തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സ തേടിയ 1600 രോഗികളിലാണ് പഠനം നടത്തിയത്.

അമിത മദ്യപാനം തലച്ചോറില്‍ രക്തസ്രാവത്തിന് കാരണമാകുന്നത് എങ്ങനെ

പുതിയ പഠനം അനുസരിച്ച് അമിതമായി മദ്യപിക്കുന്നത് തലച്ചോറിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും അങ്ങനെയുണ്ടാകുന്ന രക്തസ്രാവം വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിവെയ്ക്കുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും മാരകവും അംഗവൈകല്യങ്ങളിലേക്ക് നയിക്കുന്നതുമായ അവസ്ഥകളിലൊന്നാണ് തലച്ചോറിലെ രക്തസ്രാവം. രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പ്രയാസമുള്ള അവസ്ഥകൂടിയാണിത്. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടുമ്പോഴാണ് രക്തസ്രാവം ഉണ്ടാകുന്നത്. രോഗികളില്‍ നടത്തിയ പഠനത്തില്‍ അവര്‍ക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായത് പരിക്കിന്റെയോ ആഘാതത്തിന്റെയോ ഫലമായിട്ടല്ല. മറിച്ച് രക്തക്കുഴലുകളില്‍ കേടുപാടുകള്‍ സംഭവിച്ചതിന്റെ ഫലമായിട്ടാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്ന രോഗികളില്‍ ഏകദേശം ഏഴ് ശതമാനം പേര്‍ ഒരു ദിവസം മൂന്നോ അതിലധികമോ ഡ്രിങ്ക്‌സ് കഴിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിതമായി മദ്യപിക്കുന്നവരുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നത് അങ്ങനെ സംഭവിക്കാത്തവരെ താരതമ്യം ചെയ്യുമ്പോള്‍ 70 ശതമാനം കൂടുതലായിരുന്നു. രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നവര്‍ക്ക് ഡിമെന്‍ഷ്യ, ഓര്‍മക്കുറവ്, നടത്തത്തിലെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. അമിതമായ മദ്യപാനത്തിന്റെ അപകടവശങ്ങള്‍ കണക്കിലെടുത്ത് മദ്യത്തിൻ്റെ ഉപയോഗം കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യേണ്ടതാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*