പാ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിൽ അപകടം; പ്രശസ്‌ത സ്റ്റണ്ട് മാസ്റ്റർ രാജുവിന് ദാരുണാന്ത്യം

പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റിൽ കാർ അപകടത്തിൽപ്പെട്ട് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ്‌ അപകടം സംഭവിച്ചത്.

നടൻ വിശാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങളായി നിരവധി പ്രോജക്ടുകളിൽ രാജുവിനൊപ്പം സഹകരിച്ചിട്ടുള്ള വിശാൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2021ലെ സര്‍പാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ബുദ്ധിമുട്ടേറിയ ഒരു കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജുവിന് ദാരുണാന്ത്യം ഉണ്ടായത്.

‘ഇന്ന് രാവിലെ രഞ്ജിത്തിന്റെ സിനിമയിൽ കാർ മറിഞ്ഞു വീഴുന്ന രംഗം ചെയ്യുന്നതിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു എന്ന വസ്തുത ഉൾക്കൊള്ളാൻ പ്രയാസമാണ്. വർഷങ്ങളായി രാജുവിനെ അറിയാം, എന്റെ സിനിമകളിൽ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകൾ ചെയ്തിട്ടുണ്ട്, കാരണം അദ്ദേഹം വളരെ ധീരനായ വ്യക്തിയാണ്. എന്റെ അഗാധമായ അനുശോചനങ്ങൾ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,’ വിശാൽ കുറിച്ചു.

തമിഴ് സിനിമയിലെ നിരവധി നടന്മാർ ആദരാഞ്ജലികൾ അറിയിച്ച് പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. സ്റ്റണ്ട് കൊറിയോഗ്രാഫർ സിൽവ ഇദ്ദേഹത്തിൽ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. സിനിമയിലെ നടനോ സംവിധയകനോ ഇക്കാര്യത്തിൽ ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*