
ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തില്‍ പുറത്തായവര്‍ക്ക് ആധാറോ മറ്റ് രേഖകളോ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അവകാശവാദം ഉന്നയിക്കാമെന്ന് സുപ്രീം കോടതി. ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനത്തെ ഒരൊറ്റ രാഷ്‌ട്രീയ കക്ഷി പോലും മുന്നോട്ട് വരാത്തതിനെയും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അപലപിച്ചു.
രാഷ്‌ട്രീയ കക്ഷികള്‍ അവരുടെ ജോലി ചെയ്യുന്നില്ല. 65 ലക്ഷം വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ബൂത്ത് ലെവല്‍ ഏജന്‍റുമാര്‍ എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. രാഷ്‌ട്രീയ കക്ഷികള്‍ വോട്ടര്‍മാരെ സഹായിക്കണമെന്നും ജോയ് മല്യ ബാഗ്‌ചി കൂടി ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
ഒരു രാഷ്‌ട്രീയ കക്ഷിക്ക് 1.6 ലക്ഷം ബിഎല്‍എമാരുണ്ട്. എന്നാല്‍ രണ്ട് കേസുകള്‍ മാത്രമാണ് കോടതിക്ക് മുന്നിലെത്തിയത്. ബിഎല്‍എമാരുടെ എതിര്‍പ്പ് പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒഴിവാക്കപ്പെട്ടവര്‍ക്ക് അവകാശവാദമുന്നയിക്കാന്‍ അവസരം നല്‍കണമെന്നും കോടതി കമ്മീഷനോട് നിര്‍ദ്ദേശിച്ചു. പുതുതായി 85,000 വോട്ടര്‍മാര്‍ പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിലും രണ്ട് എതിര്‍വാദങ്ങള്‍ മാത്രമാണ് കോടതിക്ക് മുമ്പാകെ എത്തിയിട്ടുള്ളത്. ആധാറോ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മറ്റ് പതിനൊന്ന് രേഖകളോ സമര്‍പ്പിച്ച് ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പേര് ചേര്‍ക്കാനാകും. പേര് ചേര്‍ക്കാനുള്ള അപേക്ഷയ്ക്കൊപ്പം താമസ രേഖയായി ആധാര്‍ കാര്‍ഡു കൂടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പരാതി തയാറാക്കാന്‍ ജനങ്ങള്‍ക്ക് രാഷ്‌ട്രീയ കക്ഷികള്‍ വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബിഹാറിലെ പന്ത്രണ്ട് അംഗീകൃത പാര്‍ട്ടികളും ഇത് സംബന്ധിച്ച് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ബിഹാറിലെ പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍. ബിഹാറിലെ രാഷ്‌ട്രീയ പാര്‍ട്ടികളെ കോടതി നടപടികളില്‍ കക്ഷി ചേര്‍ക്കാനും പരമോന്നത കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതിയുടെ നിലപാടിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്‌തു. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് നേരത്തെ കോടതിയില്‍ കമ്മീഷന്‍ അറിയിച്ചിരുന്നു. ബിഹാർ എസ്‌ഐആറുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാനുള്ള സമയം അവസാനിക്കാൻ 10 ദിവസം മാത്രം ശേഷിക്കെ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രണ്ട് എതിർപ്പുകൾ മാത്രമേ വന്നിട്ടുള്ളൂവെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. മൊത്തം അപേക്ഷകളിൽ 6,092 എണ്ണം ഇലക്‌ടറല്‍ രജിസ്ട്രേഷൻ ഓഫിസർമാർ (ഇആർഒ) ഇതിനകം തീർപ്പാക്കി കഴിഞ്ഞു. ഓഗസ്റ്റ് ഒന്നിന് എതിർപ്പുകള്‍ രേഖപ്പെടുത്താനുള്ള വിൻഡോ സെപ്റ്റംബർ ഒന്ന് വരെ സജീവമായി തുടരുന്നതാണ്. കരട് പട്ടികയിൽ രണ്ട് പരാതികളുള്ള സിപിഐ (എംഎൽ) ലിബറേഷൻ മാത്രമാണ് ഇതുവരെ എതിർപ്പുകൾ സമർപ്പിച്ചതെന്ന് ഇസിഐ പറഞ്ഞു.
Be the first to comment