കാണിക്കയിടാന്‍ യുഎഇ ദിര്‍ഹം; ഗുരുവായൂരമ്പല നടയില്‍ സുജിത്തിനു വിവാഹം

ഗുരുവായൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ കാണിപ്പയ്യൂര്‍ സ്വദേശിയും ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റുമായ സുജിത്ത് വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ രാവിലെ 7 നും 7 45 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആയിരുന്നു താലികെട്ട്. വിവാഹത്തിനുശേഷം ക്ഷേത്രത്തില്‍ കാണിക്കയിടാനായി സുഹൃത്തും ഇന്‍കാസ് സംസ്ഥാന സെക്രട്ടറിയുമായ സി സാദിഖ് അലി യുഎഇ ദിര്‍ഹം സമ്മാനിച്ചു.

അഞ്ച് വര്‍ഷംനീണ്ട പ്രണയത്തിന് ഒടുവിലാണ് സുജിത്ത് വിവാഹിതനാകുന്നത് പുതുശ്ശേരി സ്വദേശിയായ കൃഷ്ണയാണ് വധു. ക്ഷേത്രത്തില്‍ വിവാഹത്തിന് ചടങ്ങില്‍ മുന്‍ എംപി ടിഎന്‍ പ്രതാപന്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ എത്തിയിരുന്നു,

നേരത്തെ വീട്ടിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കൈയിലുള്ള സ്വര്‍ണമോതിരം സുജിത്തിന് വിവാഹ സമ്മാനമായി നല്‍കിയിരുന്നു. ജോസഫ് ടാജറ്റ് സുജിത്തിന് തൻ്റെ കഴുത്തിലെ സ്വര്‍ണമാല സുജിത്ത് സമ്മാനിക്കുകയും ചെയ്തിരുന്നു.

2023 ഏപ്രില്‍ അഞ്ചിന് രാത്രിയാണ് സുജിത്ത് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് ഇരയായത്. മര്‍ദനത്തില്‍ സുജിത്തിന് കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ചൊവ്വല്ലൂരില്‍ വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ ആ വഴി വന്ന പോലീസ് മര്‍ദിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സുജിത്തിനെ സ്റ്റേഷനിലെത്തിച്ചു മര്‍ദിക്കുകയും മദ്യപിച്ചു പ്രശ്‌നമുണ്ടാക്കി,  കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റം ചുമത്തി കേസെടുക്കുകയുമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*