മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ എല്ലാം ഇപ്പോൾ പുത്തൻ സാങ്കേതിക മികവോടെ റീ റിലീസിന് എത്തുകയാണ്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ എൻട്രിയാണ് സമ്മർ ഇൻ ബത്ലഹേം. 4K ഡോൾബി അറ്റ്മോസിൽ ചിത്രം ഇന്നലെ പുറത്തുവന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
ആദ്യ ദിനം മോശം കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 17 ലക്ഷം മാത്രമാണ് സിനിമയ്ക്ക് നേടാനായത് എന്നാണ് ട്രാക്കർമാരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ, രാവണപ്രഭു പോലെ വലിയ തിരക്ക് സമ്മർ ഇൻ ബത്ലഹേമിന് ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ സിനിമയുടെ റീമാസ്റ്റർ പതിപ്പിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഗംഭീര വിഷ്വൽ ക്വാളിറ്റി ആണ് സിനിമയുടേതെന്നും സൗണ്ടും നന്നായിരിക്കുന്നു എന്നാണ് അഭിപ്രായങ്ങൾ. സിനിമ കണ്ടവർ നല്ല അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിന് മറ്റു റീ റിലീസുകളെപ്പോലെ ആളെക്കൂട്ടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ദേവദൂതൻ, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകൾ റീമാസ്റ്റർ ചെയ്ത ഹൈസ്റ്റുഡിയോസ് ആണ് ഈ സിനിമയും റീമാസ്റ്റർ ചെയ്തു പുറത്തിറക്കുന്നത്. മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയവര്‍ക്കൊപ്പം മോഹന്‍ലാലിന്റെ അതിഥിവേഷവും ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. സിയാദ് കോക്കർ ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ എം രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാർ, കലാസംവിധാനം ബോബൻ, കോസ്റ്റ്യൂംസ് സതീശൻ എസ് ബി, മേക്കപ്പ് സി വി സുദേവൻ, കൊറിയോഗ്രാഫി കല, ബൃന്ദ, അറ്റ്മോസ് മിക്സ് ഹരിനാരായണൻ, കളറിസ്റ്റ് ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ് ജിബിൻ ജോയ് വാഴപ്പിള്ളി, സ്റ്റുഡിയോ ഹൈ സ്റ്റുഡിയോ, മാർക്കറ്റിംഗ് ഹൈപ്പ്, പിആർഒ പി ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ് അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



Be the first to comment