‘വൈഷ്ണയ്ക്ക് വോട്ടവകാശം പുനഃസ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയം: സണ്ണി ജോസഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചത് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് നിയമവാഴ്ചയുടെ വിജയം കൂടിയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

സിപിഎമ്മിന്റെ അന്യായമായ ഭരണ ദുഃസ്വാധീനമാണ് വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിച്ചത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിക്കരുതെന്ന് താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഐഎമ്മിന്റെ സ്വാധീനത്തിന് വഴങ്ങി സര്‍ക്കാര്‍ സംവിധാനം നിയമവിരുദ്ധവും വസ്തുതാവിരുദ്ധവുമായി വൈഷ്ണയുടെ വോട്ടവകാശം നിഷേധിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത് – അദ്ദേഹം വിശദമാക്കി.

വൈഷ്ണയ്ക്ക് കോടതി ചെലവ് നല്‍കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബാധ്യസ്ഥമാണ്. കോടതിയുടെ നീതിയുക്തവും സമയോചിതവുമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ വൈഷ്ണയ്ക്ക് സ്ഥാനാര്‍ഥിത്വവും വോട്ടവകാശവും നിഷേധിക്കപ്പെടുമായിരുന്നു. ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭരണാധികാരികളും ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*