ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ഇഴഞ്ഞു നീങ്ങുന്നെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ശബരിമലയിലെ നഷ്ടപ്പെട്ട സ്വർണം എത്ര കിലോയാണെന്ന് കണ്ടെത്തി വീണ്ടെടുക്കണമെന്ന് സണ്ണി ജോസഫ് പറഞ്ഞു. എസ്ഐടിയെ നിയന്ത്രിക്കുന്നത് പിണറായി വിജയനാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ശബരിമലയിലെ സ്വർണ കൊള്ള. എസ്ഐടി അന്വേഷണത്തിൻ്റെ ചുമതല ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞിരിക്കുന്നുവെന്ന് അദേഹം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തു. കടകംപള്ളിയുടെ അഭിമുഖം രേഖപ്പെടുത്താനാണോ അന്വേഷണസംഘം പോയതെന്ന് സണ്ണി ജോസഫ് ചോദിച്ചു. ശബരിമലയിലെ നഷ്ടപ്പെട്ട സ്വർണം എത്ര കിലോ എന്ന് കണ്ടെത്തണമെന്നും അത് വീണ്ടെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ചാർജ് ഷീറ്റ് കൊടുക്കാൻ വൈകിയതുകൊണ്ടാണ് പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ടിരിക്കുന്നത്. പ്രതികളെ സിപിഐഎം സംരക്ഷിക്കുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണന് എതിരെ രണ്ടുദിവസത്തിനുള്ളിൽ നടപടിയെടുത്ത സിപിഐഎം, ശബരിമല സ്വർണക്കൊള്ളയിൽ മൂന്ന് മാസമായി ജയിലിൽ കിടക്കുന്ന പാർട്ടി നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അവർക്കെതിരെ ഒരു നോട്ടീസ് പോലും നൽകിയിട്ടില്ല. നടപടിയെടുത്താൽ അവർക്കറിയാവുന്ന എല്ലാ കാര്യങ്ങളും വിളിച്ചു പറയും എന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും അദേഹം പറഞ്ഞു.



Be the first to comment