കേരള കോൺഗ്രസ് എമ്മിന് മുന്നിൽ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തിന്റെ നന്മയ്ക്ക്, ജനങ്ങളുടെ മനസനുസരിച്ച് കേരള കോൺഗ്രസ് ആലോചിക്കാം. രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് അവർ തന്നെയാണ്. സോണിയ ഗാന്ധി ജോസ് കെ. മാണിയെ വിളിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാൻ സന്നദ്ധനാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ജനങ്ങളുടെ ആഗ്രഹം താൻ മത്സരിക്കണമെന്നതാണ്. ഇക്കാര്യത്തിൽ നേതൃത്വം തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോയെന്ന് ഹൈക്കമാൻഡ് തീരുമാനമെടുക്കും. ഷാഫി പറമ്പിൽ എവിടെ നിന്നാലും ജയിക്കുമെന്നും അദ്ദേഹം ശക്തനായ നേതാവാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് വിഷയമാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നടത്തിയ ‘വിസ്മയം’ പരാമർശം യാഥാർഥ്യമാകുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഐഷ പോറ്റിയുടെ വരവ് തുടക്കം മാത്രമാണെന്നും ഇതിന് തുടർച്ചയുണ്ടാകുമെന്നും നീക്കങ്ങളും ചർച്ചകളും നടക്കുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎം പാർട്ടി നേതാക്കൾക്ക് സംരക്ഷണമൊരുക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. എ. പത്മകുമാറിനെതിരെയും എ. വാസുവിനെതിരെയും മുഖ്യമന്ത്രി മിണ്ടുന്നില്ല. ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ബാധപൂർവം രക്ഷപ്പെടുത്താനാണ് നീക്കമെന്നും സണ്ണി ജോസഫ് ആരോപിച്ചു.



Be the first to comment