ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ മാജിക് എഫ്സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള സെമി ഫൈനല്‍ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ പോലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് ടൂര്‍ണമെന്റ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയത് പ്രകാരം മാറ്റിയിരുന്നു.
പ്രാദേശിക ഭരണകൂടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കാനിരിക്കെ സുരക്ഷാച്ചുമതലക്കായി സേനാംഗങ്ങളെ വിന്യസിച്ചിരിക്കുകയാണ്. ഇതിന് പുറമെ ശബരിമലയിലും സുരക്ഷാജോലിക്കായി സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തിനെത്തുന്ന നൂറുകണക്കിന് കാണികളെ നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസുകാര്‍ ഇല്ലെന്നിരിക്കെ മത്സരം നടത്തുന്നത് സുരക്ഷ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
തൃശ്ശൂരും അയല്‍ജില്ലയായ മല പ്പുറവും തമ്മിലുള്ള മത്സരമായതിനാല്‍ തന്നെ ധാരാളം കാണികള്‍ എത്തിയേക്കാം. വിരലിലെണ്ണാവുന്ന പോലീസുകാരെ വെച്ച് തിരക്ക് നിയന്ത്രിക്കാനാകില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി സംഘാടകര്‍ക്കും ഇരു ടീമുകളുടെയും മാനേജ്‌മെന്റിനും പോലീസ് കമ്മിഷണര്‍ നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ വോട്ടെണ്ണലിന് ശേഷം സൗകര്യപ്പെടുന്ന ഏത് തീയ്യതിയിലും മത്സരം നടത്താമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്. ഇരുമത്സരങ്ങളുടെയും പുതുക്കിയ മത്സര തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.



Be the first to comment