എസ്ഐആര്‍ ഡ്യൂട്ടിക്ക് കൂടുതല്‍ ജീവനക്കാരെ നല്‍കണം, സംസ്ഥാനങ്ങളോട് സുപ്രീം കോടതി; ജോലി ഭാരം കുറയ്ക്കാന്‍ നിര്‍ദേശങ്ങള്‍

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ(എസ്‌ഐആര്‍) ഭാഗമായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് സുപ്രീം കോടതി. നിലവിലെ ബിഎല്‍ഒമാരുടെ ജോലിഭാരം കുറയ്ക്കാന്‍ കൂടുതല്‍ പേരെ ബിഎല്‍ഒ ഡ്യൂട്ടിക്ക് അനുവദിക്കണമെന്നാണ് സുപ്രിം കോടതി നിര്‍ദേശം. ആവശ്യമെങ്കില്‍ കൂടതല്‍ പേരെ ഇതിനായി നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

ബിഎല്‍ഒ ഡ്യൂട്ടിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇളവ് ആവശ്യപ്പെടുമ്പോള്‍ അതിനെ പ്രത്യേകം കേസുകളായി കണ്ട് പരിഗണിക്കണം. മതിയായ കാരണങ്ങളുണ്ടെങ്കില്‍ ആ വ്യക്തിക്ക് പകരം മറ്റൊരാളെ നിയമിക്കണം. ഇതിന് വിരുദ്ധമായ സാഹചര്യങ്ങളുണ്ടെങ്കില്‍ ഇത്തരം വ്യക്തികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നടന്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ജോലി സമ്മര്‍ദ്ദം കാരണം ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ടിവികെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. എസ്‌ഐആറിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വന്ന 35 മുതല്‍ 40 വരെ ബിഎല്‍ഒമാര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന്. ഇവരെല്ലാം അംഗന്‍വാടി ജീവനക്കാരും അധ്യാപകരുമാണെന്നുള്‍പ്പെടെയുള്ള വിവരങ്ങളും ടിവികെയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയെ അറിയിച്ചു. എസ്‌ഐആറിന് എതിരെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ക്കൊപ്പമാണ് ടിവികെയുടെ ഹര്‍ജിയും കോടതി പരിഗണിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*