നേരിട്ട് കേരള ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടിയത് 3286 പേര്‍ക്ക്; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്നവര്‍ക്ക് കേരള ഹൈക്കോടതിയില്‍ നിന്ന് വ്യാപകമായി ജാമ്യം ലഭിക്കുന്നുവെന്ന് അമിക്കസ്‌ക്യൂറിമാര്‍ സുപ്രീംകോടതിയില്‍. 2024 ജൂലൈ ഒന്നു മുതല്‍ 2025 സെപ്തംബര്‍ ഒന്നു വരെ ഹൈക്കോടതിയെ നേരിട്ട് സമീപിച്ച 3286 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചുവെന്നാണ് അമിക്കസ്‌ക്യൂറിമാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. ഒറീസ ഹൈക്കോടതി കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം കേരള ഹൈക്കോടതിക്കാണെന്ന് അമിക്കസ്‌ക്യൂറിമാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അമിക്കസ്‌ക്യൂറിമാരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ, അഭിഭാഷകന്‍ ജി അരുദ്ര റാവു എന്നിവരാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. 2024 ജൂലൈ ഒന്നിനും 2025 സെപ്റ്റംബര്‍ ഒന്നിനുമിടയില്‍ ബിഎന്‍എസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചത് 9215 പേരാണ്. ഇതില്‍ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത് 7449 പേരും. 3286 പേര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 97 പേര്‍ക്ക് ഭാഗീകവും, രണ്ടുപേര്‍ക്ക് വ്യവസ്ഥകളോടെയും ആണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ കാലയളവില്‍ നേരിട്ട് സമീപിച്ച 17978 പേരില്‍ 8801 പേര്‍ക്ക് ഒഡീഷ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു എന്നും അമിക്കസ്‌ക്യൂറിമാര്‍ സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നവരില്‍ 80 ശതമാനം പേരും നേരിട്ട് ഹൈക്കോടതിയേയാണ് സമീപിക്കുന്നതെന്ന് കേരള ഹൈക്കോടതിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ് സുപ്രീംകോടതിയെ അറിയിച്ചു. ഈ പ്രവണത പ്രോത്സാഹിക്കപ്പെടേണ്ടത് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് നവംബറില്‍ പരിഗണിക്കാനായി മാറ്റി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ഹാജരായി.

Be the first to comment

Leave a Reply

Your email address will not be published.


*