ആധാര്‍ പൗരത്വ രേഖയല്ല, തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം; ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. 12 ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കി. നേരത്തെയുള്ള 11 തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെയാണ് ആധാര്‍ പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. എന്നാല്‍ ആധാര്‍ പൗരത്വ രേഖയായി കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ആധാര്‍ പൗരത്വത്തിന്റെ തെളിവല്ലെന്നും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഒരു വോട്ടര്‍ സമര്‍പ്പിക്കുന്ന ആധാര്‍ കാര്‍ഡ് നമ്പറിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പാക്കാന്‍ കഴിയണമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ പൗരന്മാര്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ അവകാശം ഉണ്ട്. എന്നാല്‍ വ്യാജമായി പൗരത്വം അവകാശപ്പെടുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ തുടരാന്‍ അവകാശം ഇല്ലെന്നും സുപ്രീംകോടതിവ്യക്തമാക്കി.

2016ലെ ആധാര്‍ നിയമത്തിലേയും ജനപ്രാതിനിധ്യ നിയമത്തിലേയും വ്യവസ്ഥകള്‍ പരാമര്‍ശിച്ച ബെഞ്ച്, പൗരത്വത്തിന്റെ തെളിവല്ല, മറിച്ച് തിരിച്ചറിയല്‍ രേഖയായി കണക്കാക്കാമെന്നും ബെഞ്ച് പറഞ്ഞു. കരട് വോട്ടര്‍ പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരില്‍ 99.6 ശതമാനം പേരും രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. സംസ്ഥാനത്ത് 7.9 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 7.24 കോടിയായി കുറഞ്ഞു.

ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തലുകള്‍ വരുത്താനും പരാതികള്‍ ഉന്നയിക്കാനും കൂടുതല്‍ സമയം അനുവദിച്ചിരുന്നു. പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 1 ആയിരുന്നു. അന്തിമ വോട്ടര്‍പട്ടിക സെപ്തംബര്‍ 30ന് പ്രസിദ്ധീകരിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*