തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻ വി അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ദേശീയപാതകൾ, മറ്റ് റോഡുകൾ, എക്പ്രസ് വേകൾ എന്നിവിടങ്ങളിൽ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികൾ ഉൾപ്പടെയുള്ള മൃഗങ്ങളെ നീക്കണമെന്ന് കോടതി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നോഡൽ അതോറിറ്റികളോട് സുപ്രീംകോടതി നിർദേശിച്ചു. കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും ഉൾപ്പെടുത്തി സംയുക്തവും ഏകോപിതവുമായ ഒരു ഡ്രൈവ് ഉടനടി ആരംഭിക്കണം. നിർദേശങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിമാരോട് ബെഞ്ച് നിർദ്ദേശിച്ചു. വീഴ്ചകൾക്ക് ഉദ്യോഗസ്ഥർ വ്യക്തിപരമായ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി വികസിപ്പിച്ചെടുത്ത സംവിധാനം വിശദീകരിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ ഒരു സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.
തെരുവ്‌നായ്ക്കൾ കടക്കുന്നത് തടയാൻ ജില്ലാ ആശുപത്രികളും റെയിൽവേ സ്റ്റേഷനുകളുമുൾപ്പടെയുള്ള ഇടങ്ങളിൽ സംരക്ഷണ വേലികൾ നിർമിക്കണമെന്നും നിർദേശമുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് സ്ഥാപിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.



Be the first to comment