ബില്ലുകളുടെ സമയപരിധിയിൽ 14 ചോദ്യങ്ങൾ; രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി ചൊവ്വാഴ്ച പരി​ഗണിക്കും

ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ​ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ​ദ്രൗപദി മുർമു നൽകിയ റഫറൻസ് പരമോന്നത കോടതിയുടെ ഭരണഘടന ബഞ്ച് ചെവ്വാഴ്ച പരി​ഗണിക്കും. വിധിയുമായി ബന്ധപ്പെട്ട് ൧൪ ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്.

ജസ്റ്റിസ് ബിആർ ​ഗവായ് അധ്യക്ഷനായ അഞ്ചം​ഗ ബഞ്ചാണ് റഫറൻസ് പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പിഎസ് നരസിം​ഹ, എഎസ് ചന്ദുർകർ എന്നിവരാണ് മറ്റ് അം​ഗങ്ങൾ.

ഭരണഘടനയുടെ 143 (1) വകുപ്പനുസരിച്ചാണ് രാഷ്ട്രപതിയുടെ ചോദ്യങ്ങൾ. വിധിയിൽ 14 കാര്യങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയത്.

ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധിയില്ലെന്നു സുപ്രീം കോടതിക്കു കൈമാറിയ റഫറൻസിൽ രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ഘടകങ്ങൾ കൂടി കണക്കിലെടുത്താണ് രാഷ്ട്രപതിയും ​ഗവർണർമാരും വിവേചനാധികാരം ഉപയോ​ഗിക്കുന്നത്.

ബില്ലുകളിൽ അം​ഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വ്യത്യസ്ത വിധികൾ പരമോന്നത കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാലാണ് ഭരണഘടനയുടെ 143 (1) വകുപ്പനുസരിച്ച് ഇക്കാര്യങ്ങളിൽ വ്യക്തത തേടുന്നത് എന്നും റഫറൻസിൽ രാഷ്ട്രപതി വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*