വിജയ് നായകനായ ജനനായകന്‍ സിനിമയ്ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. മദ്രാസ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നടപടിക്കെതിരെ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം, ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജനനായകന്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു കെവിഎന്‍ പ്രൊഡഷന്‍സിന്റെ ആവശ്യം. സിനിമയുടെ റിലീസ് വൈകുന്നതില്‍ കനത്ത നഷ്ടം നേരിടുകയാണെന്ന് കെവിഎന്‍ പ്രൊഡഷന്‍ കോടതിയെ അറിയിച്ചു. ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അറിയിച്ചു. സെന്‍സര്‍ ബോര്‍ഡ്,സിനിമ പുനപരിശോധന കമ്മിറ്റിക്ക് അയച്ച ഉത്തരവ് കെവിഎന്‍ നല്‍കിയ ഹര്‍ജിയില്‍ ചോദ്യം ചെയ്യാത്തതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് സിനിമയുടെ നിര്‍മ്മാതാവ് കെവിഎന്‍ പ്രൊഡക്ഷന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ഹര്‍ജിക്കാരുടെ ആവശ്യപ്രകാരം ഈ മാസം 20ന് അപ്പീലില്‍ തീരുമാനം എടുക്കാനും മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനോട് കോടതി നിര്‍ദ്ദേശിച്ചു.
കേസ് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തിടുക്കത്തിലാണ് തീര്‍പ്പാക്കിയത് എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.സിനിമയ്ക്ക് യുഎഇ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം വന്നതോടെയാണ് അടിയന്തര പരിഹാരത്തിനായി കെവിഎന്‍ പ്രൊഡക്ഷന്‍സ് സുപ്രീംകോടതിയെ സമീപിച്ചത്. സിനിമ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് പുനപരിശോധന കമ്മിറ്റിക്ക് അയച്ചത്. ഇതോടെ ഈ മാസം 9ന് തീയറ്ററുകളില്‍ എത്തേണ്ട ജനനായകന്‍ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തില്‍ ആയി.



Be the first to comment