ന്യൂഡല്‍ഹി: സിവില്‍ സപ്ലൈസ് അഴിമതിക്കേസില്‍ യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂര്‍ പ്രകാശിന് തിരിച്ചടി. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സ്വീകരിച്ച ഹൈക്കോടതി നടപടിക്കെതിരെ അടൂര്‍ പ്രകാശ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയത്.
ഹൈക്കോടതിയിൽ നിരപരാധിത്വം തെളിയിക്കാനുള്ള സുവർണാവസരമല്ലേ ലഭിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. സിവിൽ സപ്ലൈസ് അഴിമതി കേസിലെ പ്രതിപട്ടികയിൽനിന്ന് അടൂർ പ്രകാശിനെ കോഴിക്കോട് വിജിലന്‍സ് കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ 475 ദിവസം വൈകി സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്താണ് അടൂർ പ്രകാശ് സുപ്രീം കോടതിയെ സമീപിച്ചത്.
സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അടൂർ പ്രകാശിനുവേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. അപ്പീൽ ഫയൽ ചെയ്തതിലുള്ള കാലതാമസം ഒഴിവാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2004ല്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായിരിക്കെ റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ വേണ്ടി കൈക്കൂലി വാങ്ങിയെന്നതാണ് അടൂര്‍ പ്രകാശിനെതിരെയുള്ള കേസ്.



Be the first to comment