
ന്യൂഡൽഹി: തെരുവ് നായകൾക്ക് പൊതുനിരത്തിൽ ഭക്ഷണം നൽകുന്നത് അനുവദനീയമല്ലെന്ന് സുപ്രീം കോടതി. ഭക്ഷണം നൽകാനായി മുനിസിപ്പൽ അധികൃതർ പ്രത്യേക ഇടങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. തെരുവിൽ നായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രീം കോടതിയുടെ നിർദേശങ്ങൾ
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരുവ് നായകളുടെ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സുപ്രീം കോടതി നിർദേശം ഏറെ പ്രസക്തമാണ്. ഈ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഓഗസ്റ്റ് 11ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഡൽഹി-എൻസിആർ പ്രദേശത്തെ മുഴുവൻ തെരുവ് നായകളെയും പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ ഈ പുതിയ ഭേദഗതി.
- തെരുവ് നായകളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം അതേ പ്രദേശത്ത് തന്നെ തിരികെ വിടണം.
- പേവിഷബാധയുള്ളതോ അക്രമാസക്തമായ സ്വഭാവം കാണിക്കുന്നതോ ആയ നായകളെ ഷെൽട്ടറുകളിൽ പാർപ്പിക്കണം.
- പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൃഗങ്ങൾക്ക് ഭക്ഷണം നൽകിയാൽ നിയമനടപടിയെടുക്കാം.
ഈ ഉത്തരവ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാണ്. തെരുവ് നായകളെ സംബന്ധിച്ചുള്ള സമാനമായ കേസുകൾ ഹൈക്കോടതികളിൽ നിലവിലുണ്ടെങ്കിൽ അത് സുപ്രീം കോടതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ചും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേസ് എട്ട് ആഴ്ചകൾക്ക് ശേഷം വീണ്ടും പരിഗണിക്കും.
കേരളത്തിലെ തെരുവ് നായ ആക്രമണം
കേരളത്തിൽ തെരുവ് നായകളുടെ ആക്രമണം ദിനംപ്രതി വർധിച്ചുവരികയാണ്. സുപ്രീം കോടതി സ്വമേധയാ കേസെടുക്കാൻ പ്രധാന കാരണം കേരളം നേരിട്ടതു പോലെയുള്ള തെരുവ് പ്രശ്നങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥി അഭയ് (16), മല്ലിക (58), രാജേന്ദ്രൻ (57), മദ്രസയിൽ പോവുകയായിരുന്ന മുഹമ്മദ് സഹൽ (6), സഹലിൻ്റെ ഉമ്മ സന യാസിർ (28) എന്നിവർക്കാണ് കടിയേറ്റത്.
ജൂൺ 19ന് മൂന്നാറിൽ ദേവികുളം തമിഴ് ഹയർ സെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർഥികളെ തെരുവ് നായ ആക്രമിച്ചു. ഇതിന് രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്ത് 16 പേർക്ക് കടിയേറ്റിരുന്നു. ജൂൺ 17, 18 തീയതികളിലായി കണ്ണൂർ നഗരത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ 75-ലധികം പേർക്കാണ് കടിയേറ്റത്. കാൽനടയാത്രക്കാരായ സ്ത്രീകളും വിദ്യാർഥികളും പ്രായമായവരുമെല്ലാം കടിയേറ്റവരിൽ ഉൾപ്പെടുന്നു. ആക്രമണകാരിയായ ഒരു നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തെരുവ് നായ ശല്യം നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ച പദ്ധതികൾക്ക് വേഗത കൂട്ടേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് സുപ്രീം കോടതി നിർദേശങ്ങൾ വിരൽ ചൂണ്ടുന്നത്.
Be the first to comment