തിരുവനന്തപുരം ഇക്കുറി തിലകമണിയും, ജനങ്ങളുടെ ചിന്താഗതി മാറി, അതിലാണ് ഞങ്ങളുടെ പ്രതീക്ഷ: സുരേഷ് ഗോപി

തിരുവനന്തപുരം നഗരസഭയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നല്ല ആത്മവിശ്വാസത്തിലാണെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. തിരുവനന്തപുരം ഇത്തവണ തിലകമണിയുമെന്നും ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് തങ്ങളുടെ വിശ്വാസമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ വികസനോന്മുഖമായ പ്രചാരണത്തില്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ടു. മോദി സര്‍ക്കാര്‍ രാജ്യത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ കണ്ണില്‍ ഭാരതത്തിന് ഇന്ന് ലഭിക്കുന്ന യശസ്സ് ജനങ്ങളുടെ ഹൃദയത്തിലുണ്ട്. ഇത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അതീതമായി ജനങ്ങള്‍ രാഷ്ട്ര കാലാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്ന കാലം വന്നിരിക്കുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാന വികസനത്തിനായുള്ള ഒരു ഡിസൈന്‍ ബിജെപിയ്ക്ക് മാത്രമേയുള്ളൂവെന്നും അത് ബിജെപിയിലൂടെ മാത്രമേ സാക്ഷാത്കരിക്കൂ എന്ന് ജനങ്ങള്‍ മനസിലാക്കിയെന്നാണ് സുരേഷ് ഗോപിയുടെ അവകാശവാദം. ഭൂരിപക്ഷം എത്രയാകുമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേ. തങ്ങള്‍ക്ക് കൃത്യമായ കണക്കുകൂട്ടലുണ്ടെന്നും പൂര്‍ണ ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സുരേഷ് ഗോപി കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറായില്ല. എല്ലാ കോടതി തീരുമാനിക്കട്ടേയെന്നും 2017ലും ഇത് തന്നെയാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ശാസ്തമംഗലത്ത് ബൂത്ത് നമ്പര്‍ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*