
വ്യാജ വോട്ട് വിവാദം തൃശ്ശൂരില്‍ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കളമൊരുക്കിയതിന് പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശ്ശൂരില്‍. സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ഇന്നലെ നടന്ന സിപിഐഎം- ബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ സുരേഷ് ഗോപി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വ്യാജ വോട്ട്, ഇരട്ട വോട്ട് ആരോപണത്തെക്കുറിച്ച് കേന്ദ്ര മന്ത്രി മൗനം തുടര്‍ന്നെങ്കിലും മാധ്യമങ്ങള്‍ക്ക് നേര്‍ക്ക് ഇത്രയൊക്കെ സഹായിച്ചതിന് നന്ദി എന്ന് പരിഹാസമുതിര്‍ത്തു. പ്രതിഷേധത്തിനുള്ള സാധ്യതകള്‍ക്കിടെ സുരേഷ് ഗോപിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സിപിഐഎമ്മിന്റെ കരി ഓയില്‍ പ്രതിഷേധത്തിനെതിരെ നടത്തിയ ബിജെപി മാര്‍ച്ചിനിടെ ഇന്നലെ നടന്ന സംഘര്‍ഷമുണ്ടാകുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവര്‍ക്ക് അരികിലെത്തി മന്ത്രി സുരേഷ് ഗോപി ഇന്നലെ നടന്നതെന്തെന്ന് ചോദിച്ചറിഞ്ഞു. വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തെക്കുറിച്ചും പരാതിയെക്കുറിച്ചും മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും സുരേഷ് ഗോപി യാതൊന്നും പറഞ്ഞില്ല. തൃശ്ശൂരിലെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. എംപി ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ സുരേഷ് ഗോപി പങ്കെടുക്കും.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി രാവിലെ 9.30ഓടെയാണ് തൃശ്ശൂരിലെത്തിയത്. വന്ദേഭാരത് ട്രെയിനില്‍ അദ്ദേഹം തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. അതേസമയം ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു സിപിഐഎം പ്രവര്‍ത്തകനും സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു.
Be the first to comment