കണ്ണൂരിലേക്കുള്ള ആദ്യത്തെ വാതിൽതുറക്കലാണ് സി സദാനന്ദന്റെ രാജ്യസഭാംഗത്വമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലംവെച്ച് നോക്കുമ്പോൾ ഇതൊരിക്കലും നടക്കാൻ സാധ്യതയില്ലാത്തൊരു മുഹൂർത്തമാണ്. അതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണക്കാരനായെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജ്യസഭ എംപിയായി സി സദാനന്ദൻ സ്ഥാനമേറ്റതിന് പിന്നാലെ വിമർശനമുന്നയിച്ച സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജനെയും സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജനെയും സുരേഷ് ഗോപി പരിഹസിച്ചു. സദാനന്ദന്റെ സ്ഥാനാരോഹണത്തെകുറിച്ച് അസൂയകൊണ്ടോ ഇഷ്ടമില്ലായ്മ കൊണ്ടോ അല്ല ‘ജയരാജ് സഹോദരന്മാർ’ പരാമർശം നടത്തിയത്. അവർക്ക് അങ്കലാപ്പ് ഉണ്ടായിക്കാണും. കണ്ണൂരിനായി പദ്ധതികൾ കൊണ്ടുവരാൻ സദാനന്ദൻ മുൻകൈ എടുക്കുമെന്ന ഭയപ്പാട് അവർക്കുണ്ട്. ഇതെല്ലാം രാഷ്ട്രീയപരമായ അങ്കലാപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സദാനന്ദൻ കേരളത്തിലെ പ്രജ്ഞാ സിങ് ഠാക്കൂർ ആണെന്നും സിപിഐഎമ്മുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് കരുതേണ്ടെന്നും എം വി ജയരാജൻ പറഞ്ഞിരുന്നു. കറകളഞ്ഞ ഒരു ആർഎസ്എസ് നേതാവിനെയാണ് രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തതെന്നും സാധാരണയായി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള അതിപ്രശസ്തരെയാണ് നോമിനേറ്റ് ചെയ്യാറുള്ളതെന്നുമായിരുന്നു പി ജയരാജന്റെ വിമർശനം.
പറഞ്ഞകാര്യങ്ങളെയെല്ലാം വേണ്ടുംവിധം വെട്ടിമുറിച്ച് വളച്ചൊടിക്കുകയാണ്. മിനിഞ്ഞാന്ന് പറഞ്ഞകാര്യം സംബന്ധിച്ച് അടുത്ത കലുങ്കിൽ സർജിക്കൽ സ്‌ട്രൈക്ക് ഉണ്ടാകും. ഒന്നിനേയും ഞാൻ വെറുതെ വിടില്ല, ഈശ്വരഹിതമായ കാര്യമാണ് താൻ ചെയ്യുന്നതും പറയുന്നതും. ഈ പൂച്ചാണ്ടിയൊന്നും കാണിച്ച് തന്നെ പേടിപ്പിക്കേണ്ട. വേദനയും രോഷവും മറച്ചുപിടിച്ച് ഇളിച്ചുകാണിക്കുന്ന രാഷ്ട്രീയക്കാരനാകാന്‍ എനിക്കാവില്ല. രാഷ്ട്രീയക്കാരനായി ജീവിക്കുക എന്നത് എനിക്ക് അത്യാവശ്യമല്ല, ആത്യന്തികമായി മനുഷ്യനായി ജീവിക്കണമെന്നാണ് തനിക്കെന്നും സുരേഷ് ഗോപി പറഞ്ഞു.



Be the first to comment