‘തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം; വികസനം വരണമെങ്കിൽ ബിജെപി വരണം’; സുരേഷ് ഗോപി

തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂരിൽ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ എന്ന് മനസിലായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

സെൻട്രൽ ഫോറൻസിക് തിരുവനന്തപുരത്തേയ്ക്ക് പോകും. പകരം തൃശൂരിൽ 25 ഏക്കറിലുള്ള മറ്റൊരു പദ്ധതി ആവിഷ്കരിക്കുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണം. ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങളിൽ കിട്ടിയെന്നു നോക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ അത് ജനങ്ങൾ മനസ്സിലാക്കണം. പാലക്കാട്ടേയോ ശബരിമലയോ വിഷയങ്ങൾ പറഞ്ഞില്ല. അത് ജനങ്ങൾക്കറിയാം. തിരുവനന്തപുരത്ത് തിലകം അണിയും എന്നാണ് പറഞ്ഞത്. അത് അങ്ങനെ തന്നെ സംഭവിച്ചുവെന്ന് സുരേഷ് ​ഗോപി പറ‍ഞ്ഞു.

‌‌കൊല്ലത്തെ ചീന കൊട്ടാരത്തിന്റെ നവീകരണം റെയിൽവേ മന്ത്രിയോട് സൂചിപ്പിച്ചിരുന്നുവെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ഉദ്യോഗസ്ഥരുമായി സന്ദർശനം നടത്തി. ഇടിഞ്ഞു പോകുമെന്ന വിവരം കിട്ടിയതുകൊണ്ട് തന്നെയാണ് അടിയന്തരമായി സന്ദർശനം നടത്തിയത്. പൊതുജനത്തിന് ഉപയോഗപ്രദമാകുന്ന രീതിയിൽ റെയിൽവേയുടെ നേതൃത്വത്തിൽ നവീകരിക്കും. റെയിൽവേ സ്റ്റേഷനിലൂടെ കൊല്ലം നഗരത്തിന്റെ മുഖച്ഛായ മാറുന്നതിനായുള്ള കാര്യങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് സുരേഷ് ​​ഗോപി പറഞ്ഞു.

കൊല്ലം റെയിൽവേ സ്റ്റേഷൻ കൊച്ചി കോഴിക്കോട് എന്നിവയുടെ കാര്യം പ്രധാനമന്ത്രിയോട് അടക്കം സൂചിപ്പിച്ചു. വരും തലമുറയ്ക്ക് വേണ്ടി റീബിൽഡ് ചെയ്യുകയാണ് എല്ലാം. തന്റെ മനസ്സിൽ ഒരു കല്പന ഉണ്ട്, അതിന്റെ സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യുമെന്ന് അദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും വിലയിരുത്തും. വരുന്ന അഞ്ചാം തീയതി റെയിൽവേ മന്ത്രിയെ കാണുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*