മനുഷ്യജീവന് പുല്ലുവിലയോ? പേരൂർക്കട ESI ആശുപത്രിയിൽ ഇന്നും ശസ്ത്രക്രിയ മുടങ്ങി, തീയറ്ററിനുള്ളിൽ നിന്ന് അനസ്തേഷ്യ ഡോക്ടർമാർ ഇറങ്ങിപ്പോയി

രോഗികളുടെ ജീവൻവെച്ച് പന്താടി ഡോക്ടർമാർ. തിരുവനന്തപുരം പേരൂർക്കട ഇഎസ്‌ഐ ആശുപത്രിയിൽ ഇന്നും ശസ്ത്രക്രിയ മുടങ്ങി.കഴിഞ്ഞ ദിവസം ഡോക്ടർമാരുടെ തർക്കത്തെ തുടർന്ന് മുടങ്ങിയ 5 ഓളം ശസ്ത്രക്രിയകൾ ഇന്ന് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് രോഗിയെ ഓപ്പറേഷൻ തീയറ്ററിനുള്ളിൽ കിടത്തി അനസ്തേഷ്യ ഡോക്ടർമാർ ഇറങ്ങിപ്പോയത്. എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളിൽ കയറ്റിയതിനുശേഷം ഡോക്ടർമാർ ഇറങ്ങി പോവുകയായിരുന്നു

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കായി എത്തിയ രോഗി ബിന്ദു ഇപ്പോഴും ഓപ്പറേഷൻ തീയറ്ററിനകത്ത് തുടരുകയാണ്.അനസ്തേഷ്യ – സർജറി വിഭാഗം ഡോക്ടർമാർ തമ്മിലുള്ള തമ്മിൽ തല്ല് ആണ് സർജറി മുടങ്ങാൻ കാരണം.

കഴിഞ്ഞദിവസമാണ് ഇഎസ്ഐ ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്ററിനുള്ളിൽ വച്ച് അനസ്തേഷ്യ, സർജറി ഡോക്ടർമാർ തമ്മിൽ തർക്കമുണ്ടായത്. സർജറിക്കായി തീയറ്ററിൽ എത്തിച്ച രോഗിയടക്കം 5 സർജറികൾ ആണ് മുടങ്ങിയത്. 24 വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി വി ശിവൻകുട്ടി വിഷയത്തിൽ ഇടപെടുകയുണ്ടായി.

അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ബിനിൽ, പ്രിയ സർജറി ഡോക്ടർ ഗണേഷ് എന്നിവർ തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. ഡോക്ടർമാരുടെ തമ്മിൽതല്ല് കാരണം സർജറി മുടങ്ങിയതിനെ തുടർന്ന് തിയറ്ററിലേക്ക് കയറ്റി രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടിവന്നിരുന്നു. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ട് ആശുപത്രി സൂപ്രണ്ട് ഇ എസ് ഐ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ആശുപത്രികളിൽ ഒന്നാണ് പേരൂർക്കട ഇഎസ്‌ഐ ആശുപത്രി.

Be the first to comment

Leave a Reply

Your email address will not be published.


*