മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ ചോർത്തി നൽകി; രണ്ട് കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ

മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ ചോർത്തി നൽകി എന്നാരോപിച്ച് മലപ്പുറം അരീക്കോട് എസ്. ഒ. ജി ക്യാമ്പിലെ രണ്ട് കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ. കമാൻഡോകളായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് സ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദാന്വേഷണം നടത്താൻ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമാണ്ടന്റ് സജീഷ് ബാബുവിനെ ചുമതലപ്പെടുത്തി.

ഡിസംബർ 15നാണ് എസ്.ഒ. ജി ക്യാമ്പിലെ കമാൻഡോ ആയ വിനീത് ക്യാമ്പിൽ വെച്ച് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. അസിസ്റ്റൻറ് കമാൻണ്ടന്റ് അജിത്തിന്റെ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് വിനീത് ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയർന്നു. അന്വേഷണത്തിൽ പിന്നീട് പുരോഗതിയില്ല. ഈ സംഭവത്തിൽ ക്യാമ്പിലെ വിവരങ്ങൾ മാധ്യമങ്ങൾക്കും ഒരു രാഷ്ട്രീയ നേതാവിനും നൽകി എന്നതാണ് രണ്ട് കമാൻഡോ ഹവീദാൽമാർക്കെതിരെയുള്ള കണ്ടെത്തൽ.

അച്ചടക്കലംഘനം , പെരുമാറ്റ ദൂഷ്യം, സേനയ്ക്ക് കളങ്കം ഉണ്ടാക്കൽ തുടങ്ങിയവയാണ് കുറ്റങ്ങൾ. എസ് ഒ ജിയുടെ പ്രവർത്തനങ്ങൾ തെറ്റായി പ്രചരിക്കാൻ ഇടയാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു. വിശദ അന്വേഷണം നടത്തി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഇന്ത്യൻ റിസർവ് ബെറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ് സജീഷ് ബാബുവിനെ ചുമതലപ്പെടുത്തി. ക്യാമ്പിലെ നടപടികൾക്കെതിരെ പി.വി അൻവർ നേരത്തെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*