‘ടോയിംഗ്’ പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി; ബഡ്ജറ്റ് ഫ്രണ്ട്ലി ഭക്ഷണം ഇനി പോക്കറ്റിലൊതുങ്ങും

പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി ‘ടോയിംഗ്’ (Toing) എന്ന പേരിൽ പുതിയൊരു ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിച്ചു. 100-150 രൂപയ്ക്ക് താഴെ വിലവരുന്ന വിഭവങ്ങൾക്കാണ് ഈ പുതിയ ആപ്പ് മുൻഗണന നൽകുന്നത്. വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം.

നിലവിൽ മഹാരാഷ്ട്രയിലെ പൂനെയിൽ മാത്രമാണ് ടോയിംഗ് സേവനം ലഭ്യമാകുന്നത്. കോത്രുഡ്, ഹിഞ്ചേവാഡി, വകദ്, ഔന്ധ്, പിംപിൾ സൗദാഗർ തുടങ്ങിയ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഇതിന്റെ പരീക്ഷണം നടക്കുകയാണ്. സാധാരണയായി പുതിയ പരീക്ഷണങ്ങൾ ബംഗളൂരുവിൽ നടത്തുന്ന സ്വിഗ്ഗി ആദ്യമായിട്ടാണ് പൂനെയിൽ ഒരു പുതിയ ആപ്പ് പരീക്ഷിക്കുന്നത്. ഇവിടുത്തെ യുവജനസംഖ്യയും കുറഞ്ഞ ബഡ്ജറ്റിൽ ഭക്ഷണം അന്വേഷിക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ്.

ടോയിംഗ് ആപ്പിൽ 99 രൂപയിൽ താഴെയുള്ള ഫ്ലാഷ് ഡീലുകൾ ലഭ്യമാണ്. മിനി മീൽസ്, ബർഗറുകൾ, സാൻഡ്‌വിച്ചുകൾ, കേക്കുകൾ, മധുരപലഹാരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, സ്വിഗ്ഗി മെയിൻ ആപ്പിൽ 149 രൂപ വില വരുന്ന ചില സാധനങ്ങൾ ടോയിംഗിൽ 120-ന് വരെ ലഭിക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമാണ്.

വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ആപ്പുകൾ അവതരിപ്പിച്ച് ‘സൂപ്പർ-ബ്രാൻഡ്’ മാതൃകയിലേക്ക് മാറാനുള്ള സ്വിഗ്ഗിയുടെ തന്ത്രപരമായ നീക്കമായാണ് ഈ പുതിയ ആപ്പ് വിലയിരുത്തപ്പെടുന്നത്. ഇൻസ്റ്റാമാർട്ട്, സ്നാക്ക്, ഡൈൻഔട്ട്, ക്രൂസ്, പിംഗ് എന്നിവയ്ക്ക് ശേഷം സ്വിഗ്ഗിയുടെ കീഴിലുള്ള ഏഴാമത്തെ സ്വതന്ത്ര ആപ്ലിക്കേഷനാണ് ടോയിംഗ്. ഈ നീക്കം റാപ്പിഡോ അടുത്തിടെ ആരംഭിച്ച ‘ഓൺലി’ ആപ്പുമായുള്ള നേരിട്ടുള്ള മത്സരത്തിന് വഴിയൊരുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*