എസ്ഐആറുമായി സഹകരിക്കണം, വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾ ഓൺലൈൻ വഴി ഫോം പൂരിപ്പിക്കണം; പിന്തുണയുമായി സീറോ മലബാർ സഭ

എസ്ഐആറുമായി എത്തുന്ന ബിഎൽഒ ഓഫീസർമാരോട് സഹകരിക്കണമെന്ന് സീറോ മലബാർ സഭ. ആശയവിനിമയം നടത്തുന്നതിനും ഫോൺ നമ്പർ വാങ്ങുന്നതിനും മടി കാണിക്കരുത്. സഭയിൽ നിന്ന് ധാരാളം പേർ പ്രവാസികളായി വിവിധ രാജ്യങ്ങളിലുണ്ട്.

അങ്ങനെയുള്ളവർ ബന്ധുക്കൾ വഴിയോ ഓൺലൈൻ മുഖേനയോ എസ് ഐ ആർ ഫോം പൂരിപ്പിക്കണം. നാട്ടിലുള്ളവർ ഇത് പ്രവാസികളെ അറിയിക്കണമെന്ന് സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അറിയിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിറോ മലബാർ സഭാ നേതൃത്വം ഇന്നലെ കൂടിക്കാഴ്ച നടത്തി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

പ്രധാനമന്ത്രിയുമായി നടന്നത് ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നു എന്ന് സഭാ നേതൃത്വം അറിയിച്ചു. കത്തോലിക്കാ സഭ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. സഭ രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് പ്രധാനമന്ത്രിക്ക് നല്ല ബോധ്യമുണ്ടെന്നും ഏകദേശം 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ സിറോ മലബാർ സഭയാണ് അറിയിച്ചത്. ‘സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉൾപ്പെടെയുള്ളവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിയുടെ ഔദ്യോഗിക വസതിയിൽ സൗഹൃദ സന്ദർശനം നടത്തി’.- എന്ന കുറിപ്പോടെ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*