
മാർ ജോസഫ് പാംപ്ലാനിക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് സിറോ മലബാർ സഭ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുൾപ്പടെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ നടത്തുന്നു. സി.പി.ഐ.എം നേതാക്കളുടെ ശ്രമം അപലപനീയം. സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ലെന്നും സിറോ മലബാർ സഭ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മാർ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാംപ്ലാനി അവസരവാദിയാണെന്നും, ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ സംസാരിച്ചു. ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതിയും, അച്ഛന്മാർ കേക്കും കൊണ്ടു സോപ്പിടാൻ പോയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്‌ലിമോ കമ്മ്യൂണിസ്‌റ്റോ രക്ഷപ്പെടാൻ പോകുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങൾ ആർ.എസ്.എസ്.ന് വിധേയപ്പെട്ടു . ഒന്ന് ജുഡീഷ്യറി, മറ്റൊന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലും ബിജെപി കള്ളവോട്ട് ചേർക്കൽ തുടങ്ങി. ബിജെപി ശക്തികേന്ദ്രങ്ങളിലാണ് കള്ളവോട്ട് ചേർക്കുന്നത്. രാഹുൽ ഗാന്ധി നടത്തിയത് നല്ല പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment