ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നിന്നുള്ള ബഹിഷ്കരണത്തിൽ നിന്ന് പിന്മാറാൻ പാകിസ്താൻ മുന്നോട്ടുവെച്ച ഉപാധികൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളി. ഇന്ത്യ – പാകിസ്താൻ – ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര വേണമെന്നത അടക്കമുള്ള ഉപാധികളാണ് ഐസിസി തള്ളിയത്. ഐസിസിക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ആവില്ല. രാജ്യങ്ങൾ തമ്മിലാണ് ഇക്കാര്യത്തിൽ ധാരണയിൽ എത്തേണ്ടതെന്നും ഐസിസി വ്യക്തമാക്കിയാണ് പാക് ഉപാധികൾ തള്ളിയത്.
ഫെബ്രുവരി 15 ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കേണ്ടത്. എന്നാൽ ഇന്ത്യയ്ക്കെതിരെ കളിക്കാനില്ലെന്ന് ടൂർണമെന്റ് തുടങ്ങുന്നതിന് മുന്നേ പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് ഇന്ത്യക്കെതിരെ മത്സരിക്കാൻ ഐസിസിക്ക് മുന്നിൽ പാകിസ്താൻ ഉപാധികൾ വെച്ചത്. ഐസിസി പ്രതിനിധിക്ക് മുമ്പാകെയാണ് ആവശ്യം മുന്നോട്ടുവച്ചത്.
ലാഹോറിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി, ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയുടെ നേതൃത്വത്തിലുള്ള ഐസിസി പ്രതിനിധി സംഘം, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് അമിനുൾ ഇസ്ലാം എന്നിവർ തമ്മിൽ ഒരു കൂടിക്കാഴ്ച നടന്നു. യോഗത്തിൽ ബഹിഷ്കരണം അവസാനിപ്പിക്കാൻ പാകിസ്താൻ ഉപാധികൾ മുന്നോട്ടുവെച്ചത്.
ഇന്ത്യ പാകിസ്ഥാനുമായി ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടണം, പാകിസ്താനുമായി ദ്വിരാഷ്ട്ര പരമ്പര മത്സരം, ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നടത്തണം, ഈ വർഷം ഇന്ത്യ ബംഗ്ലാദേശ് പര്യടനം നടത്തണം, ഇന്ത്യ – പാകിസ്താൻ – ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര വേണം എന്നിവയായിരുന്നു പാകിസ്താൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. എന്നാൽ ഇതൊന്നും ഐസിസി അംഗീകരിച്ചില്ല. ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതും മത്സരങ്ങൾ നിശ്ചയിക്കുന്നതും ബിസിസിഐ ആണെന്ന് ഐസിസി വ്യക്തമാക്കി.



Be the first to comment