‘ഏകപക്ഷീയ തീരുമാനങ്ങളിലൂടെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു’: തമിഴ്നാട്ടിൽ അണ്ണാമലൈക്കെതിരെ നേതാക്കളുടെ പരാതി

തമിഴ്നാട് ബിജെപിയിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് എതിരെ പടയൊരുക്കം. അണ്ണാമലൈ ഏകപക്ഷീയമായ തീരുമാനമെടുത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. ടിടിവി ദിനകരനെ അണ്ണാമലൈ കണ്ടതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഡൽഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കണ്ടു.

മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി ഞായറാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിരുന്നു. ഇതേ സമയത്താണ് ഇപിഎസ്സിനോട് ഇടഞ്ഞ് എൻഡിഎ വിട്ടുപോയ ടിടിവി ദിനകരനെ കാണാൻ കെ അണ്ണാമലൈ എത്തിയത്. പാർട്ടി അറിയാതെയുള്ള അണ്ണാമലൈയുടെ ഈ നീക്കത്തിൽ നൈനാർ നാഗേന്ദ്രനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും കടുത്ത അമർഷത്തിലാണ്.

കൂടിക്കാഴ്ചയിൽ ബഹുമാനം നൽകുന്നവർക്കൊപ്പം നിൽക്കാൻ അണ്ണാമലൈ ദിനകരനോട് ആവശ്യപ്പെട്ടായും റിപ്പോർട്ടുണ്ട്. ഇപിഎസ്സിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാൽ മുന്നണിയിലേക്ക് ഇല്ലെന്നും ടിടിവി ദിനകരൻ ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് നൈനാർ നാഗേന്ദ്രൻ ഡൽഹിയിലെത്തി ജെ പി നദ്ദയെ കണ്ടത്. അണ്ണാമലൈയുടെ ഇടപെടലുകളിലുള്ള അതൃപ്തി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. നേരത്തേ അമിത് ഷാ വിളിച്ച നേതാക്കളുടെ യോഗത്തിലും അണ്ണാമലൈ പങ്കെടുത്തിരുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*