
ചെന്നൈ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പങ്കെടുക്കില്ല. മുൻപ് നിശ്ചയിച്ച പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം. പകരം മന്ത്രിമാരെ അയക്കാമെന്നും സ്റ്റാലിന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐടി മന്ത്രി പഴനിവേല്‍ ത്യാഗരാജന് എന്നിവര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിന് അറിയിച്ചിട്ടുള്ളത്. സംസ്ഥാന ദേവസ്വം മന്ത്രി വി എന്‍ വാസവന് ചെന്നൈയിലെത്തിയാണ് എം കെ സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്.
സെപ്റ്റംബര്‍ 20 ന് പമ്പാ തീരത്താണ് ആഗോള അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ആഗോള അയ്യപ്പഭക്തരെ ഒരു വേദിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി എന്‍ വാസവന് വ്യക്തമാക്കിയിരുന്നു. സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും. സംഗമത്തിന് എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം അയ്യപ്പ സംഗമത്തിന് എത്തിയാല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഹിന്ദു വിശ്വാസത്തെയും ശബരിമലയിലെ പവിത്രമായ പാരമ്പര്യത്തെയും അവഹേളിച്ചവരാണ് ഇരുവരും. ഹിന്ദുക്കളെയും അയ്യപ്പ ഭക്തരെയും അപമാനിച്ചതിന് ഇരു നേതാക്കളും പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു.
Be the first to comment