തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട്

എസ്ഐആറിനെതിരെ നിയമപോരാട്ടത്തിന് തമിഴ്നാട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ പാർട്ടികളായ എഐഎഡിഎംകെ പളനിസ്വാമി വിഭാഗം നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം, പിഎംകെ, നാം തമിഴർ കക്ഷി തുടങ്ങിയവർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. നടപടി ജനാധിപത്യവിരുദ്ധവും തമിഴ്‌നാട്ടിലെ ജനങ്ങളുടെ താത്പ്പര്യത്തിന് എതിരുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ നിർദേശിച്ചിട്ടുള്ള നവംബർ 4 മുതൽ ഡിസംബർ 4 വരെയുള്ള കാലയളവിൽ വടക്ക് കിഴക്കൻ മൺസൂൺ ശക്തമാകുന്ന സമയമാണ്. അതിനാൽ ഗ്രാമീണ കർഷകർക്ക് അപേക്ഷാ ഫോമുകൾ സമർപ്പിക്കാൻ മതിയായ സമയം ലഭിക്കില്ല. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ മഴക്കെടുതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഈ സമയം അനുയോജ്യമല്ലെന്നും യോഗം ആവശ്യപ്പെട്ടു. ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധി വരാനിരിക്കെ, തിടുക്കപ്പെട്ട് നടപടിക്രമങ്ങൾ നടത്തുന്നതിലുള്ള ആശങ്കയും യോഗം രേഖപ്പെടുത്തി. നിലവിലുള്ള പോരായ്മകൾ പരിഹരിച്ച ശേഷം, സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി,സുതാര്യമായ രീതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തണം.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മതിയായ സമയം നൽകി മാത്രമേ ഈ നടപടി നടത്താവൂ എന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയുമായി ആധാർ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിർദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല. ആധാർ ഉപയോഗിക്കുന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിൽ ഇല്ല. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ പാവയായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുകയാണെന്നും, തമിഴ്‌നാട്ടിലും മറ്റ് 11 സംസ്ഥാനങ്ങളിലും ഏകപക്ഷീയമായി നടപ്പാക്കുന്ന എസ് ഐ ആർ , വോട്ടവകാശം നിഷേധിക്കാനും ജനാധിപത്യത്തെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും പ്രമേയം കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*