9000 കോടി രൂപ നിക്ഷേപം, 5000 പേർക്ക് തൊഴിൽ‌; ലാൻഡ് റോവറിന് ചെന്നൈയിൽ പ്ലാന്റ് ഒരുങ്ങുന്നു

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന് ഇന്ത്യയിൽ അസംബ്ലി പ്ലാന്റ് ഒരുങ്ങുന്നു. ചെന്നൈക്ക് സമീപം പനപ്പാക്കത്താണ് ജാഗ്വാർ ലാൻഡ് റോവറിന്റെ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നത്. ഈ മാസം ഒമ്പത് മുതൽ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2024ലാണ് കമ്പനി ചെന്നൈയിൽ പ്ലാന്റ് പ്രഖ്യാപിച്ചത്. 2.5 ലക്ഷം യുണിറ്റ് വാഹനം നിർമിക്കാൻ കഴിയുന്നതാണ് പ്ലാന്റ്.

പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ 5000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ഏതൊക്കെ മോഡലുകളാണ് ഇവിടെ അസംബിൾ ചെയ്യുകയെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്ക് ഈ പ്ലാന്റിൽ അസംബിൾ ചെയ്യുന്ന ആദ്യത്തെ വാഹനമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ, ജെ‌എൽ‌ആർ വാഹനങ്ങൾ മഹാരാഷ്ട്രയിലെ ടാറ്റയുടെ പൂനെ പ്ലാന്റിലാണ് അസംബിൾ ചെയ്യുന്നത്. ഇവ സി‌കെ‌ഡി കിറ്റുകളായി രാജ്യത്തേക്ക് എത്തുന്നത്. റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്, റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ വെലാർ, ഡിസ്‌കവറി സ്‌പോർട് എന്നിവയാണ് ഇവിടെ അസംബിൾ ചെയ്യുന്നത്.

പൂനെ പ്ലാന്റിലെ സൗകര്യങ്ങളിലെ പരിമിതികളാണ് ചെന്നൈയിലെ പുതിയ പ്ലാന്റിൽ ജെഎൽആർ വാഹനങ്ങളുടെ അസംബിൾ ആരംഭിക്കാനുള്ള നീക്കത്തിന് പ്രധാന കാരണം. ലാൻഡ് റോവറിനെ സംബന്ധിച്ചിടത്തോളം, ഡിഫെൻഡർ സബ് ബ്രാൻഡ് വിൽപ്പനയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ഓഫ്-റോഡ് വിഭാ​ഗത്തിൽ ലാൻഡ് റോവറിന്റെ പേര് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ, ഡിഫെൻഡർ നിര രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*